വിവാദമാകുന്ന കാർഷിക ബിൽ എന്താണ്

0
137

വിവാദമായ ഫാം സെക്ടര്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരിക്കുകയാണ്. ബില്ലിന് പിന്നാലെ ലോക്‌സഭയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സുകള്‍ക്കെതിരെ പഞ്ചാബിലാരംഭിച്ച പ്രതിഷേധം ഹരിയാനയിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകരും തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓഡിനന്‍സിനെതിരെ തെരുവുകളില്‍ അണിനിരക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ജൂണ്‍ അഞ്ചിന് കേന്ദ്രം പ്രഖ്യാപിച്ച മൂന്ന് ഓഡിനന്‍സുകള്‍ക്കെതിരെയാണ് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തോട് അനുബന്ധിച്ച് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുകയും ഹരിയാനയിലെ കര്‍ഷകര്‍ ദേശീയ പാതയടക്കം ഉപരോധിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. നിലവില്‍ ലൈസന്‍സുള്ള വ്യാപാരികള്‍ക്ക് മാത്രമേ കര്‍ഷകരില്‍ നിന്നും വിളകള്‍ സംഭരിക്കാനുള്ള അവകാശമുളളൂ. ഈ വ്യവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. കാര്‍ഷിക ബില്ല് പ്രാബല്യത്തില്‍ വന്നാല്‍ വിലനിയന്ത്രണം പൂര്‍ണമായും ഇല്ലാതാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

നിരവധി വിതരണ ശൃംഖലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ കാര്‍ഷിക വ്യവസ്ഥ. നേരത്തെ കര്‍ഷകര്‍ക്ക് സുഖമമായി തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള അവസരങ്ങള്‍ ഇല്ലായിരുന്നു. ഇവ പ്രധാനമായും മണി ലെന്‍ഡേഴ്‌സിനെ അടിസ്ഥാനമാക്കിയായിരുന്നു നടന്നിരുന്നത്. ഇത് കര്‍ഷകര്‍ക്ക് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ട സാഹചര്യമുണ്ടാക്കി. ഫലത്തില്‍ കര്‍ഷകര്‍ കടക്കെണിയില്‍ നിന്ന് മോചിതരാകതെ തുടരേണ്ടിയും വന്നു.

ഇതിനെ തുടര്‍ന്നാണ് ഇടനിലക്കാരില്‍ നിന്നുമുള്ള കാര്‍ഷിക ചൂഷണം അവസാനിപ്പിക്കാന്‍ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വില നിയന്ത്രണത്തിന് അനിവാര്യമായ ഒരു ഘടനാ സംവിധാനം കൂടിയാണ് എ.പി.എം.സി.സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷരില്‍ നിന്നും ഉത്പന്നം വാങ്ങുന്നതിന് ട്രെയ്‌ഡേഴ്‌സിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയത് എ.പി.എം.സി പ്രകാരമാണ്. പച്ചക്കറി ചന്തയുള്‍പ്പെടെയുള്ളവ വിവിധ ഉത്പാദന കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാരുകളാണ് നടപ്പിലാക്കി വരുന്നത്.

കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം വില്‍പ്പനക്കാരനും ഗുണകരമായ വ്യവസ്ഥയാണ് എ.പി.എം.സി. ഇന്ത്യയുടെ കാര്‍ഷിക വിപണിയല്‍ ഹരിത വിപ്ലവം വിജയകരമാക്കുന്നതില്‍ പോലും നിര്‍ണായക പങ്കുവഹിച്ചത് ഈ കമ്മിറ്റിയാണ്. ഇതിനിടയില്‍ എ.പി.എം.സി സിസ്റ്റവുമായി ബന്ധപ്പെട്ടും പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ.പി.എം.സിയില്‍ നിര്‍ണായക സ്വാധീനമുള്ള മാര്‍ക്കറ്റ് കമ്മിറ്റി ലൈസന്‍സ് രാജിന് വഴിവെച്ചു എന്നതെല്ലാമായിരുന്നു ആക്ഷേപങ്ങള്‍.

പക്ഷേ കര്‍ഷകര്‍ തങ്ങളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ സംവിധാനം ഏറെ സഹായിച്ചുവെന്ന് തന്നെയാണ് ഒറ്റശബ്ദത്തില്‍ പറയുന്നത്.

മോദി സര്‍ക്കാര്‍ ജൂണ്‍ അഞ്ചിന് കൊണ്ടു വന്ന ഓഡിനന്‍സ് വിത്തിടുമ്പോള്‍ തന്നെ വിളകള്‍ക്ക് വില എന്ന തരത്തിലായിരുന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

ഒരു രാജ്യം ഒരു വിപണി എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഈ ഓഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ ആഘോഷിച്ചത്. കര്‍ഷകര്‍ക്ക് പ്രസ്തുത ഓഡിന്‍സ് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നായിരുന്നു മറ്റൊരു അവകാശവാദം.
പുതിയ ഓഡിന്‍സ് നടപ്പാകുന്നതോട് കൂടി വില നിയന്ത്രണം, കര്‍ഷകരുടെ സപ്പോര്‍ട്ട് സിസ്റ്റം,പച്ചക്കറി ചന്ത തുടങ്ങിയവ ദുര്‍ബലമാക്കപ്പെടും. ഫലത്തില്‍ വലിയ കോര്‍പ്പറേറ്റുകള്‍ക്ക് അനായാസം കര്‍ഷകരെ നിയന്ത്രിക്കാന്‍ സാധിക്കും. രാജ്യത്തെ 85 ശതമാനം വരുന്ന ചെറുകിട കര്‍ഷകര്‍ക്കും ഇത് വലിയ തിരിച്ചടിയായിരിക്കും. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ കര്‍ഷകര്‍ക്ക് ആര്‍ക്കുവേണമെങ്കിലും വിളകള്‍ വില്‍ക്കാം. ഏത് കമ്പനിയാണോ കൂടുതല്‍ ഉത്പന്നങ്ങൾ വാങ്ങുന്നത് ആ കമ്പനിയുമായി വില നിശ്ചയിക്കാം. കര്‍ഷകനും വ്യവസായ സ്ഥാപനവുമായി നേരിട്ടാണ് ബന്ധം. സര്‍ക്കാര്‍ ഇടപെടലുകളില്ല. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്‍ പ്രകാരം ഒരു പാന്‍ കാര്‍ഡുള്ള എത് ട്രെയിഡര്‍ക്കും കര്‍ഷകരില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാം.

ഇതിന്റെ തന്നെ ഭാഗമായാണ് കര്‍ഷകനില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കുകയും ശേഖരിച്ചുവെക്കുന്നതിനും പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉത്പന്നങ്ങളുടെ വില നിയന്ത്രണം ഇതോടെ സ്വാകാര്യ കമ്പനികളുടെ കൈകളിലാകുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

ഈ ഓഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതോട് കൂടി കാര്‍ഷിക വിപണിയിലെ വിശ്വാസ്യതയാണ് തകരാന്‍ പോകുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ ബില്‍ നിയമമായില്‍ ഒരു കര്‍ഷകന് ഒരു വ്യാപാരിയെ എങ്ങിനെ വിശ്വസിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

കാര്‍ഷിക പ്രതിഷേധം ഇപ്പോള്‍ ശക്തിപ്രാപിച്ചിരിക്കുന്ന പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക ചൂഷണത്തിന് വലിയ രീതിയില്‍ തടയിടാന്‍ സാധിച്ചത് എ.പി.എം.സി സിസ്റ്റം വഴിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here