ഗ്രാമവണ്ടികള്‍ എം.എല്‍.എമാര്‍ നിര്‍ദേശിക്കുന്നവയ്ക്ക് മുന്‍ഗണന;മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഗ്രാമീണ മേഖലയിലാരംഭിക്കുന്ന ഗ്രാമവണ്ടികളില്‍ എം.എല്‍.എമാര്‍ നിര്‍ദ്ദേശിക്കുന്നവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്ധനച്ചെലവ് വഹിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

എം.എല്‍.എ ഫണ്ട് ഇതിനായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ജന്‍മദിനം, ചരമവാര്‍ഷികം പോലുള്ള ഓര്‍മ്മ ദിനങ്ങളിലുള്‍പ്പെടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടികള്‍ സ്‌പോണ്‍സര്‍ ചെയ്യാം. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ നഷ്ടം സഹിച്ച്‌ ഇനിയും ബസ് സര്‍വീസ് ആരംഭിക്കുവാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല.

എന്നാല്‍ പൊതുജനങ്ങളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോട് കൂടിയുള്ള ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുമായി സഹകരിക്കണം. ഒരു ദിവസം കുറഞ്ഞത് 150 കിലോ മീറ്റര്‍ ഓടിയാലെ ഗ്രാമവണ്ടികള്‍ നഷ്ടമില്ലാതെ നടത്താനാവൂ. ഒരു പഞ്ചായത്തില്‍ തന്നെ അത് സാദ്ധ്യമാകണമെന്നില്ല. അത്തരം സാഹചര്യത്തില്‍ പല പഞ്ചായത്തുകള്‍ ചേര്‍ന്ന ഇന്ധനച്ചെലവ് പങ്കിടുന്ന തരത്തില്‍ സര്‍വീസ് ക്രമീകരിക്കാന്‍ കഴിയും.

ജില്ലകള്‍ക്ക് പുറത്തേക്ക് ഇത്തരം സര്‍വീസ് നീട്ടുന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ എണ്ണം അനുസരിച്ച്‌ 18, 24, 28, 32 സീറ്റുകളുള്ള വാഹനങ്ങളും ഇതിനായി ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങള്‍ ഓരോ വര്‍ഷത്തേക്കും ലീസിനെടുത്താണ് സര്‍വ്വീസ് നടത്തുന്നത്. ആവശ്യത്തിന് വാഹനങ്ങളില്ലാത്തതു കൊണ്ടാണ് പാരലല്‍ സര്‍വീസുകള്‍ നടക്കുന്നതെന്നും ഗ്രാമ വണ്ടികളാരംഭിക്കുന്നതോടു കൂടി ഇത്തരം സര്‍വ്വീസുകള്‍ ഇല്ലാതാകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയുടെ യാത്രാ നിരക്കില്‍ നിലവിലുള്ള കണ്‍സെഷനുകള്‍ നിലനിര്‍ത്തിയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.