കാണാതായിട്ട് മൂന്നുമാസം, അസ്ഥികൂടം ജിഷ്ണുവിന്റെതാണ് സ്ഥിരീകരിച്ചെങ്കിലും വ്യക്തതയില്ല; ജിഷ്ണുവിന്റെ തിരോധാനത്തില്‍ ദുരൂഹതയെന്ന് കുടുംബം

0
103

കോട്ടയം: ദുരൂഹ സാഹചര്യത്തില്‍ കുമരകത്തു നിന്ന് കാണാതായ വൈക്കം കുടവത്തൂര്‍ സ്വദേശി ജിഷ്ണു ഹരിദാസിനെ കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പാതിവഴിയില്‍. ജൂണ്‍ 27 ന് നാട്ടകം മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റെതാണ് ആദ്യം സ്ഥിരീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഫൊറന്‍സിക് പരിശോധനയില്‍ അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശാസ്ത്രീയ പരിശോധന ഫലമടക്കം വൈകിച്ച് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജൂണ്‍ 3നാണ് കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണുവിനെ കാണാതായത്. കുമരകം ചക്രംപടിയില്‍ ബസിറങ്ങിയ ജിഷ്ണു മറ്റൊരു ബസില്‍ കോട്ടയത്തേക്ക് പോയെന്നാണ് നിഗമനം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും ലഭിച്ചു. ബസിലിരുന്ന് ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് പൊലീസ് ജിഷ്ണുവിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെടുത്തത്. സ്ഥലത്തു നിന്ന് ലഭിച്ച വസ്ത്രങ്ങളും ഫോണും പരിശോധിച്ച പൊലീസ് മൃതദേഹം ജിഷ്ണുവിന്റേതാണെന്ന് ഉറപ്പിച്ചു. എന്നാല്‍ ഫോണും വസ്ത്രങ്ങളും ജിഷ്ണുവിന്റേതല്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെ പൊലീസ് വെട്ടിലായി.

മരിച്ചത് ആരെന്നുറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും മറുപടിയില്ല. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. മാംസം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീന്‍ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാള്‍ പൊക്കത്തില്‍ കാടു വളര്‍ന്നു നില്‍ക്കുകയായിരുന്നു. മരത്തില്‍ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു.

ഇത് ഇയാള്‍ ധരിച്ച ഷര്‍ട്ടിന്റെ അവശിഷ്ടമാണെന്നായിരുന്നു പൊലീസിന്റെ സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീന്‍സിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ടായിരുന്നു. കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാര്‍ സാധാരണ എത്താറില്ല. വിഷ്ണു എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല. മൃതദേഹത്തിന്റെ സമീപത്തു നിന്ന് രണ്ട് ഫോണുകള്‍ കിട്ടിയെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ഒരു ഫോണെന്ന് തിരുത്തി. ഫോണുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ഇല്ലാതിരുന്നത് കുടുംബത്തിന്റെ സംശയം വര്‍ധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here