ഭാര്യയെ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തി, വിറകുകമ്പുകൊണ്ടുള്ള ഏറില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; ബന്ധുവായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസ്

0
103

കൊല്ലം: വാക്കുതര്‍ക്കത്തിനിടെ വിറകുകമ്പുകൊണ്ടുള്ള ഏറില്‍ തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊല്ലം പോളയത്തോട് നാഷനല്‍ നഗര്‍10ല്‍ ഷാഫി (60) മരിച്ച സംഭവത്തിലാണ് നാഷനല്‍ നഗര്‍64ല്‍ ലൈലയ്ക്ക് (46) എതിരെ കൊലക്കുറ്റത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 25ന് ആണു സംഭവം.

ഷാഫിയുടെ ഭാര്യ ലൈലയെ പ്രതി ലൈല അസഭ്യം പറഞ്ഞതു ചോദ്യം ചെയ്യാന്‍ ഷാഫിയുടെ മകന്‍ പ്രതിയുടെ വീട്ടിലെത്തി. ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം തടയാനെത്തിയ ഷാഫിയെ ലൈല വിറകുകമ്പു കൊണ്ട് എറിയുകയായിരുന്നു. തലയ്ക്കു മുറിവേറ്റ ഇദ്ദേഹത്തിനു ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്കയച്ചു. 2 ദിവസം കഴിഞ്ഞ് അബോധവസ്ഥയിലായ ഷാഫിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചു. വിറകുകമ്പ് എറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവമാണു മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here