ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി വിശ്രമിക്കാന്‍ അത്യാധുനിക പഞ്ച നക്ഷത്ര ഉറക്കറകള്‍

0
123

ദോഹ: സാമൂഹിക അകലം പാലിച്ച് വിശ്രമിക്കാനും വിമാനം കാത്തിരിക്കുന്ന സമയം ബഹളത്തില്‍നിന്നും മാറി വിശ്രമിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി അത്യാധുനിക’പഞ്ചനക്ഷത്ര’ ഉറക്കറകള്‍ സജ്ജമാക്കിയിരിക്കുകയാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍. ലോഞ്ച് സേവനദാതാക്കളില്‍ ലോകപ്രശസ്തരായ എയര്‍പോര്‍ട്ട് ഡയമന്‍ഷന്‍സ് ആണ് വിമാനത്താവളത്തിലെ ഉറക്കറകള്‍ക്ക് പിന്നില്‍. മിഡിലീസ്റ്റിലെ എയര്‍പോര്‍ട്ട് ഡയമന്‍ഷന്‍സിന്റെ പ്രഥമ പ്രീമിയം ലോഞ്ച് ഓഫര്‍ കൂടിയാണ് ഹമദ് വിമാനത്താവളത്തിലേത്.

ടാന്‍സിറ്റ് ഏരിയയിലെ ആകര്‍ഷണീയമായ ലാമ്പ് ബിയറിന് സമീപത്തായാണ് 225 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ 50 പേര്‍ക്കു വരെ വിശ്രമിക്കാനും ഉറങ്ങാനും സാധിക്കുന്ന സ്ലീപ് പോഡുകളും കാബിനുകളും ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്നുള്ള ശബ്ദത്തെ പൂര്‍ണമായും പ്രതിരോധിച്ച്, ശീതീകരിച്ച ഉറക്കറകള്‍ വിശ്രമത്തിന് ലഭിക്കണമെങ്കില്‍ മണിക്കൂറിനാണ് പണമടക്കേണ്ടത്. 24 ഫ്‌ലക്‌സി സ്യൂട്ട് പോഡുകള്‍, 13 സ്ലീപ് കാബിനുകള്‍ എന്നിവയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യ സ്ലീപിങ് പോഡ് ഡിസൈന്‍ ആണിത്. ചാരിയിരിക്കുന്നതിന് സീറ്റായും കിടക്കുന്നതിന് ബെഡായും ഉപയോഗിക്കാന്‍ വിധത്തിലുള്ളതാണ് ഫ്‌ലക്‌സി സ്യൂട്ട് പോഡുകള്‍.

വെളിച്ചം ക്രമീകരിക്കാന്‍ കഴിയുന്ന വിളക്കുകള്‍, മൊബൈലിലും ലാപ്‌ടോപിലും കണക്ട് ചെയ്യാന്‍ വിധത്തിലുള്ള 32 സ്‌ക്രീന്‍, കപ് ഹോള്‍ഡറുകള്‍, ഫോള്‍ഡിങ് ട്രേ ടേബിളുകള്‍, ചെറിയ വേസ്റ്റ് ബിന്‍, ബാഗേജ് സൂക്ഷിക്കാനുള്ള സ്ഥലം, കോട്ട്, ഷൂസ്, ലാപ്‌ടോപ് എന്നിവ സൂക്ഷിക്കാനുള്ള കമ്പാര്‍ട്ട്‌മെന്റ് എന്നിവയാണ് ഫ്‌ലക്‌സി സ്യൂട്ട് പോഡിന്റെ സവിശേഷതകള്‍. മുതിര്‍ന്ന രണ്ടുപേര്‍ക്കും ഒരുകുട്ടിക്കും വിശ്രമിക്കാന്‍ സൗകര്യമുള്ളതാണ് സ്ലീപ് കാബിനുകള്‍. നാല് ഡബ്ള്‍ ബെഡുകളും മടക്കിവെക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കായുള്ള ഒരു പുള്‍-ഔട്ട് ബെഡുമാണ് ഇവിടെയുണ്ടാകുക.

പ്രധാനമായും കുടുംബങ്ങള്‍ക്കാണ് ഇവ കൂടുതല്‍ അനുയോജ്യമാകുക. ഇവ കൂടാതെ, ഒമ്പത് ബങ്ക് ബെഡുകളും സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്. റീഡിങ് ലൈറ്റ്, അലാം ക്ലോക്ക്, കോട്ട് ഹാങ്കര്‍, ട്രേ ടേബ്ള്‍, കണ്ണാടി എന്നിവ ഇവിടെ ലഭ്യമാണ്. തലയണയും ബ്ലാങ്കറ്റുകളും സൗജന്യമായി ഉപയോഗിക്കാം. ഓരോ ഉപയോഗത്തിന് ശേഷവും സ്ലീപ് പോഡുകളും കാബിനുകളും പൂര്‍ണമായും അണുമുക്തമാക്കിയായിരിക്കും പുതിയ സന്ദര്‍ശകര്‍ക്ക് നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here