കെ.എസ്.യു അഴിക്കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിന്റെ വീട്ടില്‍ റീത്ത്

0
327

കണ്ണൂര്‍: കെ.എസ്.യു അഴിക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിന്റെ വീട്ടില്‍ റീത്ത്. പള്ളിക്കുന്നിലെ ശ്രീപുരം നേഴ്‌സറി സ്‌കൂളിന് സമീപത്തുള്ള കൊക്കായന്‍പാറയിലെ വീട്ടുമുറ്റത്താണ് റീത്ത് വച്ചത്.

”നിന്റെ നാളുകള്‍ എണ്ണപ്പെട്ടു” എന്ന് എഴുതിയ റീത്ത് ഇന്ന് പുലര്‍ച്ചെയാണ് വച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

അതേസമയം, സിപിഎം നാടിനെ പ്രാകൃത സംസ്‌കാരത്തിലേക്ക് നയിക്കുകയാണെന്നും നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനും പൊതുപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടാനും പരിശ്രമിക്കുകയാണെന്നും ഡി.സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.

കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഭീഷണി മുഴക്കിയ സംഭവത്തിന് ശേഷമാണ് സതീശന്‍ പാച്ചേനിയുടെ പ്രസ്താവന. സി.പി.എം സൈബര്‍ ഗുണ്ടകള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം സാമൂഹ്യ വിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കുന്നതെന്നും ഇത്തരം കാടന്‍ സംസ്‌കാരത്തിനെതിരെ പൊതു സമൂഹം ഒന്നാകെ പ്രതികരിക്കണമെന്നും റൈഷാദിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

നേതാക്കളായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി ജയകൃഷ്ണന്‍, കെ.എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ്, നേതാക്കളായ ഉമേഷ് കണിയാങ്കണ്ടി, പ്രനില്‍ മതുക്കോത്ത്, നികേത് നാറാത്ത്, ജിജീഷ്.സി.വി സുമിത്, സുജേഷ് തുടങ്ങിയവരും സതീശന്‍ പാച്ചേനിയോടൊപ്പം സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here