മാസ്‌ക് ധരിക്കാത്തതിന് പിഴ, എട്ട് ദിവസം കൊണ്ട് പൊലീസ് ഈടാക്കിയത് ഒരു കോടിയിലേറെ രൂപ

0
124

പൂനെ: മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് പിഴ ഈടാക്കിയതില്‍ നിന്ന് എട്ട് ദിവസം കൊണ്ട് ലഭിച്ചത് ഒരുകോടിയിലേറെ രൂപയെന്ന് അവകാശവാദവുമായി പൂനെ പൊലീസ്. 27989 പേരില്‍ നിന്ന് പിഴ ഈടാക്കിയതായി പൂനെ പൊലീസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 2നും 8നു ഇടയിലാണ് ഈ കണക്ക് എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങളില്‍ പലരും വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ അവരില്‍ നിന്നും പിഴ ഈടാക്കുന്നുണ്ടെന്നും എഎന്‍ഐയോട് സംസാരിക്കവേ പൂനെ ക്രൈംബ്രാഞ്ച് ഡിസിപി ബച്ചന്‍ സിംഗ് പറഞ്ഞു.

ഒരു കോടി 39 ലക്ഷം രൂപയാണ് പിഴയിനത്തില്‍ എട്ടുദിവസം കൊണ്ട് ലഭിച്ച തുക. മാസ്‌ക് ധരിക്കാത്ത ഒരാളില്‍ നിന്നും 500 രൂപ വീതം ഈടാക്കിയെന്നും പൊലീസ് പറഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് ഏകമാര്‍ഗമെന്നും പൊലീസ് വ്യക്തമാക്കി.

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപയും പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്ക് 1000 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം പൂനെയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4935 കേസുകളാണ്. ഇതുവരെയുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 2,11,225 ആയി ഉയര്‍ന്നുവെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here