ജീവിതത്തില്‍ ഒരുമിച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ മരണം തട്ടിയെടുത്ത നവദമ്പതികളുടെ ഖബറടക്കം ഇന്ന്. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം ഇന്നലെ നടന്ന വാഹനാപകടത്തിലാണ് ദമ്പതികൾ മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു കണ്ണമംഗലം തോട്ടശ്ശേരിയറ ചേലക്കോട് നടുപ്പറമ്പ് കണിത്തൊടിക മാട്ടില്‍ മുഹമ്മദിന്റെ മകന് സലാഹുദ്ദീൻറെയും ഇളന്നുമ്മല് കുറ്റിയില്‍ നാസറിന്റെ മകള്‍ ഫാത്തിമ ജുമാനയുടെയും വിവാഹം നടന്നത് . വിവാഹം കഴിഞ്ഞുള്ള പത്താം ദിവസമാണ് അപ്രതീക്ഷിതമായി വന്ന മരണത്തില്‍ ഇരുവരും ഒരുമിച്ച് യാത്രയായത്. വിവാഹം കഴിഞ്ഞ് ജുമാനയുടെ ഫറോക്ക് പേട്ടയിലെ അമ്മായിയുടെ വീട്ടിലേക്ക് സല്‍ക്കാരത്തിനായി പോകവെയാണ് അപകടം സംഭവിക്കുന്നത്.
ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ബ്രേക് ചെയ്തപ്പോള്‍ തെന്നിമറിഞ്ഞ് എതിരെ വന്ന ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ടാണ് അപകടം നടന്നത് . സംഭവസ്ഥലത്തു തന്നെ സലാഹുദ്ധീൻ മരണമടഞ്ഞു ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെടുന്നത്. സലാഹുദ്ദീന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍വിളി പരിശോധിച്ചാണ് ദമ്പതികളെ തിരിച്ചറിഞ്ഞത് .
ഒരു മാസം മുമ്പായിരുന്നു സലാഹുദ്ദീന് റിയാദില്‍ നിന്നും അവധിക്ക് നാട്ടിലെത്തുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് . നിക്കാഹ് നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് വിവാഹം നടന്നത്. വേങ്ങര മലബാര്‍ കോളജ് പ്രഥമ യൂനിയന്‍ ചെയര്‍മാനായിരുന്നു സ്വലാഹുദ്ദീന്‍ പെരുവള്ളൂര്‍ എട്ടാം വാര്‍ഡിലെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനും എസ്.കെ.എസ്.എസ്.എഫ് കുന്നുപ്പുറം ക്ലസ്റ്റര്‍ ഭാരവാഹിയുമായിരുന്നു.
ശരീഫയാണ് സലാഹുദ്ദീന്റെ മാതാവ്. സഹോദരങ്ങള്‍: സിറാജുദ്ദീന്, മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഷമ്മാസ്. ഷഹര്‍ബാനുവാണ് ജുമാനയുടെ മാതാവ്. സഹോദരങ്ങള്‍: സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.