കർഷക മാർച്ചിൽ വൻ സംഘർഷം: ട്രാക്ടറുകൾ തടഞ്ഞു; കല്ലേറ്, കണ്ണീർവാതകം

0
93

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കി. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി. അതേസമയം, ഹരിയാന അതിർത്തിയായ കർനാലിൽ എത്തിയ കർഷകർ ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്കു ശേഷം സിംഘുവിലേക്കു മടങ്ങിത്തുടങ്ങി. രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടക്കം ആരംഭിച്ചത്. സിംഘുവിൽ നിന്നുള്ളവർ ബാരിക്കേഡുകൾ തകർത്ത് ജി.ടി. റോഡു വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടർ മാർച്ച് എത്തി. നേരത്തെ, പൊലീസ് ബാരിക്കേഡ് മറികടന്ന് നടത്തിയ ട്രാക്ടർ മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സംഘർഷത്തിൽ ഏതാനും പൊലീസുകാർക്ക് പരുക്കേറ്റു. ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ പാണ്ഡവ് നഗറിനു സമീപം കർണാൽ ബൈപാസിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കർഷകർ മറികടന്നു. മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിനുശേഷം 11 മണിയോടെ കർഷക മാർച്ച് ആരംഭിക്കാനായിരുന്നു നേരത്തെ അനുമതി നൽകിയിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽനിന്നു വ്യതിചലിച്ച് രാവിലെ എട്ടു മണിയോടെ മാർച്ച് ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here