കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമണം. സിപിഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. പാനൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ ആരംഭിച്ച വിലാപ യാത്രയ്ക്കിടെയാണ് സി.പി.എം ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന് മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്ത്തകന് പിടിയിലായിട്ടുണ്ട്.