ആരോഗ്യമേഖലയ്ക്ക് തുണയാകണം;കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തദാനത്തിന് തയാറാകണമെന്ന് കെപിസിസി

0
18

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ രക്തക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തദാനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷകസംഘടനയിലെ അംഗങ്ങളും തയ്യാറാകണമെന്ന് കെപിസിസി ആഭ്യര്‍ത്ഥിച്ചു. ഇന്ദിരാഭവനില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്. പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ രക്തദാനം പ്രതിസന്ധിയിലാകും. വാക്സിനേഷന്‍ എടുത്ത് കഴിഞ്ഞാല്‍ നാലാഴ്ചത്തേക്ക് രക്തദാനം സാധ്യമല്ല. ഇത് സംസ്ഥാനമാകെ വലിയ തോതിലുള്ള രക്തക്ഷാമത്തിന് കാരണമാകും. ആരോഗ്യമേഖല നേരിടുന്ന മറ്റൊരു കടുത്ത വെല്ലുവിളിയായിത് മാറുമെന്നും യോഗം വിലയിരുത്തി. അടിയന്തര ശസ്ത്രക്രിയകള്‍, പ്രസവം, ഇതര ഗുരുതര രോഗമുള്ളവര്‍ക്ക് ഉള്‍പ്പെടെ രക്തത്തിന്റെ ദൗര്‍ലഭ്യമോ അപര്യാപ്തതയോ കൊണ്ട് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വാക്‌സിനേഷന് മുന്‍പ് രക്തദാനം ചെയ്യുന്നതിന് യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്നദ്ധരാക്കണം. അതിനായി ഡിസിസി,ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തില്‍ വിപുലമായ കര്‍മ്മപദ്ധതി തയ്യാറാക്കി സജീവ ഇടപെടല്‍ നടത്താനും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടുക്കി പോലുള്ള ജില്ലകളില്‍ വേണ്ടത്ര രക്തബാങ്കുകള്‍ ഇല്ലാത്തത് പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. രക്തബാങ്കുകളുടെ അപര്യാപ്തത എത്രയും വേഗം പരിഹരിക്കണം. കൊവിഡ് രോഗനിര്‍ണ്ണയ പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളത്തിലേത്. സ്വകാര്യാശുപത്രികളിലെ കൊവിഡ് ചികിത്സാച്ചെലവ് തോന്നുംവിധമാണ്. പലയിടത്തും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. സ്വകാര്യാശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് ഏകീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായി. ഇത് എത്രയും വേഗം പരിഹരിക്കണം. എണ്‍പത് വയസ്സു കഴിഞ്ഞവര്‍ക്ക് വീടുകളില്‍ വാക്‌സിനേഷനു സൗകര്യം ഒരുക്കണം. വാക്‌സിനേഷന് പേര് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിങ്ങളിലെ തിരക്ക് കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതെ പോയവര്‍ക്ക് പ്രത്യേക സജ്ജീകരണം സര്‍ക്കാര്‍ ഒരുക്കണം. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ ശക്തമായ സമര്‍ദ്ദം ചെലുത്തണമെന്നും യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.കൊവിഡ് വാക്‌സിന്‍ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.എന്നാല്‍ ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉദാസീനത കാട്ടുന്നുയെന്നും വിമര്‍ശനം ഉയര്‍ന്നു. കൊവിഡ് മഹാമാരിക്കാലത്തും കോര്‍പ്പേററ്റ് മരുന്നു കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ അമര്‍ഷം യോഗം രേഖപ്പെടുത്തി. ഇന്ത്യയില്‍ ഉത്പാദിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന് മൂന്ന് തരത്തില്‍ വിലനിശ്ചയിച്ചത് നിയമവിരുദ്ധവും അന്യായവുമാണ്. വാക്‌സിന്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രതിഷേധ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കെപിസിസി വിളിച്ചു ചേര്‍ത്ത യോഗങ്ങളുടെ തുടര്‍ച്ചയായാണ് ഡിസിസി പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നത്. കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി തലത്തില്‍ നടക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. കെപിസിസി കണ്‍ട്രോള്‍ റൂമിന് പുറമെ പതിനാലു ഡിസിസികളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമിന് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ദിവസേന നൂറുകണക്കിന് ഫോണ്‍കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. ഡോ. എസ്എസ് ലാലിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ തയ്യാറായ ഡോക്ടര്‍മാരെ യോഗം പ്രത്യേകം അഭിനന്ദിച്ചു. 24 മണിക്കൂര്‍ പൊതുജനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ബന്ധപ്പെടാനായി 7907163709,7306283676 എന്ന മൊബൈല്‍ നമ്പറും 8075800733 എന്ന വാട്സാപ്പ് നമ്പറുമുണ്ട്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ ഭാഗമായി സംസ്ഥാനത്ത് വാളന്റിയേഴ്സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ ഏകോപന ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരന്‍,സെക്രട്ടറി ജോണ്‍ വിനേഷ്യസ്,ഡോ.എസ്എസ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here