ബാർകോഴക്കേസിൽ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്‌നം മങ്ങുന്നു; ഉമ്മൻ ചാണ്ടി വിട്ടുനിന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടിയോ?

0
468

ബാർകോഴക്കേസിൽ അന്വേഷണ റിപ്പോർട്ട് ജോസ് കെ മാണി വിഭാഗം പുറത്ത് വിട്ടതോടെ ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്‌നം തുലാസിലാവുന്നു, ചെന്നിത്തലയെ പ്രതിസ്ഥാനത്ത് നിർത്തുന്ന കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജോസ് കെ മാണി വിഭാഗം പുറത്ത് വിട്ടിരുന്നു, ഇതിൽ പ്രധാനമായും ചെന്നിത്തലയെ ആണ് ഉന്നമിടുന്നത്. ചെന്നിത്തല ഗൂഢാലോചന നടത്തി എന്നാണ് പ്രധാന ആരോപണം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മൻചാണ്ടിയെ വീഴ്ത്താനും ചെന്നിത്തല ശ്രമം നടത്തി എന്നും ആരോപണമുണ്ട്, ഐ ഗ്രൂപ്പിനെ മൊത്തത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് റിപ്പോർട്ട്. അടൂർ പ്രകാശ്, ജോസഫ് വാഴക്കൻ, പിസി ജോർജ് എന്നിവരെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം കാത്തിരിക്കുന്ന രമേശ് ചെന്നിത്തല വെട്ടിലായിരിക്കുകയാണ്, ഉമ്മൻ ചാണ്ടിക്കെതിരെ ചെന്നിത്തല ഗൂഢാലോചന നടത്തി എന്ന ആരോപണം വരും ദിവസങ്ങളിൽ ഏറെ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തും, ഇതൊരുപക്ഷെ ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്‌നത്തെ തകർത്തേക്കും. മറ്റൊരു യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതിനോട് യോജിപ്പില്ല, നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടി ഇനിയൊരു തവണ കൂടി മുഖ്യമന്ത്രിയാവാൻ തയ്യാറാവുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം, ഈ അവസരത്തിലാണ് പി കെ
കുഞ്ഞാലിക്കുട്ടി എംപിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കം ശ്രദ്ധേയമാവുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാനില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്, തിരഞ്ഞെടുപ്പ് ചുമതല മാത്രമാണ് തനിക്കെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പറയുകയുണ്ടായി, ചെന്നിത്തല മുഖ്യമന്ത്രിയാവുന്ന ഘട്ടം വന്നാൽ ഉപമുഖ്യമന്ത്രിയായി കുഞ്ഞാലിക്കുട്ടി എത്തിയേക്കും എന്ന നിലയിലായിരുന്നു നേരത്തെ ചർച്ചകൾ. ഇപ്പോൾ ബാർകോഴ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്‌നം കരിനിഴലിലായിരിക്കുകയാണ്, ഈയവസരം മുതലെടുത്ത് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ ലീഗ് ശ്രമം നടത്തും, ഉമ്മൻ ചാണ്ടി ഇതിന് തയാറായില്ലെങ്കിൽ പിന്നെ അവസരം കുഞ്ഞാലിക്കുട്ടിക്കായിരിക്കും, കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുന്ന പക്ഷം സിഎച്ചിന് കേരളം കാണുന്ന രണ്ടാമത്തെ ലീഗ് മുഖ്യമന്ത്രിയാവും അദ്ദേഹം.

ബാർകോഴ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൊടിയ രാഷ്ട്രീയ സംവാദത്തിന് തിരികൊളുത്തും, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ചെന്നിത്തലയുടെ മറുപടി എന്തായിരിക്കും എന്നും ഇതിനോട് ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നതും നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here