കന്നഡ സിനിമാ ലോകത്തെ ലഹരിമരുന്നു റാക്കറ്റ്; കേസില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത, രാഷ്ട്രീയ ബന്ധവും അന്വേഷിക്കും

0
53

ബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ ലഹരിമരുന്നു റാക്കറ്റ് കേസില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് വിവരം. ലഹരി മരുന്നുമായുള്ള രാഷ്ട്രീയ ബന്ധവും അന്വേഷിക്കും. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും അറസ്റ്റിലായതോടെ കേസില്‍ മുഖ്യപ്രതിയും നിര്‍മാതാവുമായ ശിവപ്രകാശ് എന്ന ചിപ്പി, മുന്‍ മന്ത്രിയുടെ മകന്‍ ആദിത്യ ആല്‍വ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് തുടര്‍ അന്വേഷണം. ദള്‍ നേതാവും മുന്‍ മന്ത്രിയുമായ ജീവരാജ് ആല്‍വയുടെ മകനും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരനുമാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ആദിത്യ ആല്‍വ.

നടി സഞ്ജനയുമായുള്ള ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ ഖാനെതിരെ ആരോപണം ഉന്നയിച്ച സിനിമ നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗിയെ 18നു വീണ്ടും ചോദ്യം ചെയ്‌തേക്കും. സമീര്‍ അഹമ്മദ് സഞ്ജനയ്‌ക്കൊപ്പം ശ്രീലങ്കയില്‍ അവധിക്കാലം ചെലവിട്ടെന്ന് സമ്പര്‍ഗി ആരോപിച്ചിരുന്നു. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസിനൊപ്പം ഇന്റലിജന്‍സ് വിഭാഗവും അന്വേഷണത്തില്‍ കൈകോര്‍ക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മലയാളികളായ അനൂപ് മുഹമ്മദിന്റെയും റിജേഷ് രവീന്ദ്രന്റേയും ജാമ്യഹര്‍ജിയില്‍ ബെംഗളൂരു സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

LEAVE A REPLY

Please enter your comment!
Please enter your name here