‘വോട്ട് ഉവൈസിയുടെ പാര്‍ട്ടിക്ക് തന്നെ’; കുഞ്ഞാലിക്കുട്ടിയെ തള്ളി തെലങ്കാന മുസ്ലിം ലീഗ് അധ്യക്ഷൻ

0
262

യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും പിന്തുണകൊടുക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്‍. ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി എഐഎംഐഎമ്മിന് തന്നെ പിന്തുണ നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ ഉവൈസിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലങ്കാന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഇംതിയാസ് ഹുസൈന്‍ പ്രസ്താവന പുറത്തിറക്കിയത്. തെരെഞ്ഞെടുപ്പില്‍ ഉവൈസിയെ പിന്തുണയ്ക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധിയുടെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം തീര്‍ത്തും വ്യത്യസ്തമായിരുന്നു. യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും ലീഗ് ഇതുവരെ പിന്തുണ കൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് സംസ്ഥാന നിലപാട് തിരുത്തിയെന്ന മട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനിയുടെ പേരില്‍ പുതിയൊരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. യുപിഎ കക്ഷികള്‍ക്ക് മാത്രമേ വോട്ട് കൊടുക്കാവൂ എന്നാണ് കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്നാല്‍ ഈ കത്തിനെയും കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെയും തള്ളിയാണ് സംസ്ഥാന അധ്യക്ഷന്‍ ഇംതിയാസ് ഹുസൈന്‍ രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here