കയ്യൂർ-ചീമേനിയിൽ വിദേശത്തുള്ളവരുടെ വോട്ടുകൾ എൽ.ഡി.എഫ് പ്രവർത്തകർ ചെയ്തതായി പരാതി

0
91

ചെറുവത്തൂർ: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്തതായി പരാതി. കയ്യൂർ-ചീമേനി പഞ്ചായത്തിലെ 36, 37 നമ്പർ പോളിങ് സ്റ്റേഷനുകളിലാണ് വിദേശത്തുള്ള 11 പേർക്ക് പകരം എൽ.ഡി.എഫ് പ്രവർത്തകർ വോട്ട് ചെയ്തതായി യു.ഡി.എഫ് ആരോപിച്ചത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്തത്. ഗൾഫിൽ ജോലി ചെയ്യുന്ന 11 പേർക്ക് പുറമെ ഗോവയിൽ ജോലിചെയ്യുന്ന രണ്ടുപേർ, മർച്ചൻറ് നേവിയിൽ ജോലി ചെയ്യുന്ന ഒരാൾ എന്നിവരുടെ വോട്ടുകളാണ് എൽ.ഡി.എഫ് പ്രവർത്തകർ ചെയ്തതത്രെ. തെളിവു സഹിതമാണ് യു.ഡി.എഫ് രംഗത്തുവന്നിട്ടുള്ളത്. സി.പി.എമ്മിന് വൻ ഭൂരിപക്ഷമുള്ള ഈ പഞ്ചായത്തിൽ പലയിടത്തും യു.ഡി.എഫ് ഏജൻറുമാരെ ബൂത്തിലിരിക്കാൻ അനുവദിച്ചതുമില്ല. 37ാം നമ്പർ ബൂത്തിൽ ഉച്ചസമയത്ത് ഒരാൾ ഗൾഫുകാരെൻറ കള്ളവോട്ട് ചെയ്യാനെത്തിയപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. എന്നാൽ, ഉച്ചക്കുശേഷം പാർട്ടി പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഉദ്യോഗസ്ഥർ മൗനം പാലിച്ചു. വിദേശത്തുള്ളവരുടെ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് കള്ളവോട്ട് ചെയ്തതെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാൽ, കള്ളവോട്ട് സംബന്ധിച്ച ആരോപണം പരാജയഭീതികൊണ്ട് യു.ഡി.എഫ് ഉന്നയിക്കുന്നതാണെന്ന് എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here