മലയാള സിനിമയിലെ മുസ്ലിം വാർപ്പ് മാതൃകകളെ തച്ചുടക്കുന്ന സകരിയയുടെ ഹലാൽ ലവ് സ്റ്റോറി

0
278

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ തെല്ലൊരു പ്രതീക്ഷയോട് കൂടിയാണ് ഹലാൽ ലവ് സ്റ്റോറി പ്രേക്ഷകരുടെ മുൻപിലെത്തുന്നത്. മലപ്പുറത്തെ നാട്ടിൻപുറത്ത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഏതാനും പേർ ഒരു ടെലിഫിലിം നിർമിക്കാൻ രംഗത്ത് വരുന്നിടത്ത് നിന്നാണ് കഥ വികസിക്കുന്നത്, നല്ലൊരു കഥാപരിസരം കയ്യിലുണ്ടായിട്ടും സമ്പൂർണമായി വിനിയോഗിക്കാൻ സകരിയ- മുഹ്‌സിൻ ടീമിന് കഴിഞ്ഞില്ല എന്ന് തെല്ലൊരു നിരാശയോടെ പറയേണ്ടി വരും. തുടക്കത്തിലുണ്ടായിരുന്ന ചടുലത അവസാനം വരെ കൊണ്ടുപോവാൻ കഴിഞ്ഞിട്ടില്ല. മലബാറിലെ മുസ്ലിം സമൂഹത്തിന്റെ ജീവിതവുമായി ഏറെ ഇഴുകിചേർന്ന് നിൽക്കുന്ന ഒന്നാണ് ടെലിഫിലിമുകൾ, സിദ്ദീഖ് കൊടിയത്തൂരിനെ പോലുള്ളവർ ആ രംഗത്ത് ചാർത്തിയ മുദ്രകൾ പ്രസക്തമാണ്, സിനിമ നിഷിദ്ധം എന്ന ചിന്താഗതിയിൽ നിന്ന് സിനിമ ആവാം എന്നതിലേക്ക് യാഥാസ്ഥിക മുസ്ലിം സമൂഹത്തെ എത്തിച്ചതിൽ ടെലി സിനിമകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

ഇക്കാലത്തിനിടെ ഏറ്റവും കൂടുതൽ വിമർശനം വിളിച്ച് വരുത്തിയ സിനിമ കൂടിയാണ് ഹലാൽ ലവ് സ്റ്റോറി, എന്നാൽ അത് സിനിമയുടെ കലാപരമായ സവിശേശതകൾ കൊണ്ടല്ല എന്നുള്ളതാണ് രസകരമായ വസ്തുത, മറിച്ച് സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഉണ്ടെന്ന് പറയപ്പെടുന്ന സംഘടന ബന്ധത്തിന്റെ പേരിലാണ്, മുസ്ലിം പരിസരത്ത് നിന്ന് പറയുന്ന സിനിമ കേരളീയ സമൂഹത്തിൽ വിപ്ലവകരമായ ഇടപെടലുകൾ നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ പരിപ്രേക്ഷ്യവും ഇടപെടലുകളും ഇതിവൃത്തമാക്കിയാണ് മുന്നോട്ട് നീങ്ങുന്നത്, ജമാഅത്തെ ഇസ്ലാമിയുടെ കഥ പറയുന്നു എന്നത് മാത്രം മുൻനിർത്തി സിനിമവിമർശനം എന്ന പേരിൽ ഇസ്ലാമോഫോബിയ ഒളിച്ച് കടത്തുകയാണ് വിമർശന പണ്ഡിതർ.

സിനിമയിലെ ഭാര്യ ഭർത്താക്കന്മാർ പരസ്പരം സലാം പറയുന്നു, മുസ്ലിം പരിസരങ്ങളിൽ സുപരിചിതമായ അറബിക് ടെർമിനോളജികൾസിനിമയിലുടനീളം ഉപയോഗപ്പെടുത്തി എന്നിങ്ങനെയുള്ള ബാലിശമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ‘സിനിമ വിമർശനം’ മുന്നോട്ട് പോവുന്നത്. കേരളത്തിലെ പ്രബലസമൂഹമായ മുസ്ലിംകള്ക്കിടയിലെ സർവസാധാരണമായ മുസ്ലിം ടെർമിനോളജികളെ പറ്റി യാതൊരു ധാരണയുമില്ലാത്തത് ‘പൊതു’ സമൂഹത്തിന്റെ നിഷേധാത്മകതയുടെ പ്രശ്‌നമല്ല, മറിച്ച് മുസ്ലിംകളുടെ പ്രശ്നമാണ് എന്നാണ് വിമർശകർ പറഞ്ഞ് വെക്കുന്നത്. ജമാഅത്ത് സംഘടന പരിസരത്ത് നിന്ന് കഥ പറയുമ്പോഴും മലയാള സിനിമയിൽ ഇന്ന് വരെ കടന്നുപോന്ന മുസ്ലിം വാർപ്പ് മാതൃകകളെ തട്ടിയുടച്ച് കളയുന്നു എന്നതാണ് ഹലാൽ ലവ് സ്റ്റോറിയുടെ പ്രാധാന്യം, മുഹ്‌സിൻ പരാരിയുടെ കെഎൽ 10 പത്ത്, സകരിയയുടെ ആദ്യ സംവിധാന സംരംഭമായ സുഡാനിയിലും പച്ച ബെൽറ്റ്, താടി, അപരിഷ്‌കൃത ഭാഷ തുടങ്ങിയ വാർപ്പ് മാതൃകകളെ ഗംഭീരമായി പൊളിച്ച് കളയുന്നുണ്ട്, ഇതിൽ തന്നെ കെഎൽ10 പത്ത് ഒരുപരിധിവരെ സംഘടനാ പരിസരത്ത് നിന്നാണ് കഥ പറയുന്നത്, സുഡാനിയിലാണെങ്കിൽ മലപ്പുറത്തിന്റെ ഫുട്ബോൾ ഭ്രാന്ത് നാട്ടിൻപുറത്തെ സുന്നി മുസ്ലിം ജീവിത പരിസരത്ത് നിന്നാണ് പറയുന്നത്.

ഇക്കാലമത്രയും മലയാളത്തിൽ ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ആഘോഷിക്കപ്പെടുകയോ ചെയ്തിട്ടുള്ള സിനിമകളിൽ ബഹുഭൂരിഭാഗവും സവർണ, നായർ, നമ്പൂതിരി, സവർണ ക്രിസ്ത്യൻ പരിസരങ്ങളിൽ നിന്ന് കഥ പറയുന്ന രീതിയിലായിരുന്നു, അതേപ്പറ്റി പരാതിയോ പരിഭവങ്ങളോ ഇല്ലാതിരുന്നവരാണ് മുസ്ലിം പരിസരം സിനിമക്കഥയാവുമ്പോൾ നാരിഴകീറി വിശകലനം നടത്തുന്നത്. അവയിലൊന്നും ആരോപിക്കപ്പെടാതിരുന്ന ‘ഒളിച്ചുകടത്തലാണ്’ ഹലാൽ ലവ് സ്റ്റോറിൽ ആരോപിക്കുന്നത്. വിമർശന വിധേയമാക്കുമ്പോഴും വിമർശകർ സിനിമകൾക്ക് അനുവദിച്ച് കൊടുക്കുന്ന സ്ഥാനം ഹലാൽ ലവ് സ്റ്റോറിക്ക് ലഭിക്കുന്നില്ല എന്ന് സൂക്ഷമായി നിരീക്ഷിച്ചാൽ മനസിലാവും, വ്യക്തമായി പറയുകയാണെങ്കിൽ അഗ്രെസ്സിവായി സമീപനമാണ് ഹലാൽ ലവ് സ്റ്റോറി നേരിടുന്നത്. ഒട്ടനവധി കാലം മലയാള സിനിമയിൽ ഇളക്കം തട്ടാതിരുന്ന പല മൗഢ്യഭാവങ്ങളും ഹലാൽ ലവ് സ്റ്റോറിയിൽ ഇളകിയാടുന്നു എന്ന് തന്നെ വേണം മനസിലാക്കാൻ!

മലയാള സിനിമയിൽ ഇന്നുവരെ ഖനനം ചെയ്യപ്പെടാതിരുന്ന മുസ്ലിം ജീവിതങ്ങളിലേക്കാണ് മുഹ്‌സിനും സകരിയയും ഊളിയിട്ടിറങ്ങിയിരിക്കുന്നത്, മലയാളി മുസ്ലിം എന്നാൽ കേവലയൊരു സംഘടന മാത്രമല്ല എന്ന പൂർണബോധ്യം ഇവരുടെ മനസിലുണ്ടാവുമെന്ന് കരുതിക്കൊള്ളട്ടെ! ഭാവിയിൽ തങ്ങളുടെ ഖനനം അനല്പമായ ജീവിതസന്ധികളുള്ള മുസ്ലിം വ്യവഹാര മണ്ഡലങ്ങളിലേക്ക് എത്തും എന്നും പ്രത്യാശിക്കാം, സകരിയയുടെ സിനിമ കേവലമൊരു സംഘടനാ പരിസരത്ത് വട്ടമിടുന്നു എന്ന അഭിപ്രായപ്രകടനത്തിന് കേവലം രണ്ട് സിനിമകൾ തികച്ചും അപര്യാപ്തമാണ്, പ്രത്യേകിച്ചും അതിലൊരു സിനിമ സംഘടനയുമായി യാതൊരു ബന്ധവും കാണിക്കാത്ത സ്ഥിതിക്ക്, സംഘടനാപരമായ വിമർശനവും ഒളിച്ച് കടത്തലുകളും പോലുള്ള ഉണ്ടായില്ല വെടികൾക്ക് മറുപടി നൽകാൻ ഭാവി സിനിമകൾ സകരിയ ഉപകരണമാക്കാതിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here