മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് ശവക്കുഴി വെട്ടല്‍; വ്യത്യസ്ത ശിക്ഷാരീതിയുമായി ജാവ മന്ത്രാലയം

0
294

മാസ്‌ക് ധരിക്കാത്തതിന് പിടിച്ചാല്‍ ഫൈന്‍ അടപ്പിക്കുന്നതിന് പകരം പുതിയ ശിക്ഷാ രീതിയുമായി ജാവ സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തതിന് പിടിക്കപ്പെടുന്നവര്‍ക്കുള്ള ശിക്ഷയായി കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്കുള്ള ശവക്കുഴി വെട്ടല്‍ ആണ്. ഇത്തരത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടു യുവാക്കള്‍ക്ക്, ങാബെറ്റാന്‍ ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ വെച്ച് ഇതിനകം ഈ ശിക്ഷ നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്.
ശിക്ഷിക്കുക എന്ന ഉദ്ദേശ്യം വെച്ച് മാത്രമല്ല ഭരണകൂടം ഇങ്ങനെ ഒരു നടപടിയിലേക്ക് കടന്നിട്ടുള്ളത്. കുഴിവെട്ടുന്ന ജോലിക്ക് സന്നദ്ധരായി വരുന്നവരുടെ എണ്ണം കുറവാണ് എന്നതുകൂടിയാണ് ഇങ്ങനെ ഒരു ‘വെറൈറ്റി’ ശിക്ഷയെപ്പറ്റി ആലോചിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്.

മരിച്ച ഒരു കൊവിഡ് രോഗിയുടെയെങ്കിലും കുഴി ഓരോരുത്തരെക്കൊണ്ടും വെട്ടിച്ച്, കൊവിഡ് മുന്‍കരുതലുകളെപ്പറ്റി വിശദമായി ഉപദേശവും നല്‍കി മാത്രമേ പൊലീസ് അവരെ പറഞ്ഞുവിടുന്നുള്ളൂ. കുഴി വെട്ടിത്തീരുന്ന സമയമത്രയും ഈ യുവാക്കളുടെ മനസ്സിലൂടെ കൊവിഡ് എന്ന മഹാമാരിയും അതുകാരണമുണ്ടാകുന്ന മരണവും കടന്നു പോകും. എന്നുമാത്രമല്ല, ഒരു കുഴി വെട്ടിത്തീരാന്‍ അത്യാവശ്യം നല്ല ശാരീരികാധ്വാനം വേണ്ടി വരും എന്നതുകൊണ്ട്, ഇതിനു ഒരു കായിക ശിക്ഷയുടെ രൂപവും കൈവരുന്നുണ്ട്.

എന്തായാലും, കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് കുഴി വെട്ടിക്കഴിയുമ്പോഴെക്കെങ്കിലും ഈ മാസ്‌ക് വിരോധികളുടെ ഉള്ളില്‍ മാസ്‌കിന്റെ ആവശ്യകതയെപ്പറ്റിയുള്ള അവബോധം ഉടലെടുത്തേക്കും എന്ന ശുഭപ്രതീക്ഷയിലാണ് ജാവയിലെ ഭരണാധികാരികള്‍ ഇത്തരം ഒരു ശിക്ഷാ രീതിയിലേക്ക് നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here