തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പിന്നീട് ജയിലിലേക്ക്; വി കെ ശശികല ജയില്‍ മോചിതയാകുന്നു

0
106

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷയനുഭവിക്കുന്ന അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല ജനുവരിയോടെ ജയില്‍മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗ്ലൂരു ജയില്‍ അധികൃതര്‍ അറിയിച്ചു. പിഴ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജയില്‍ മോചനം ഫെബ്രുവരി 27 വരെ നീളും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ജയില്‍ അധികൃതരുടെ മറുപടി. പിഴ അടയ്ക്കാന്‍ തയാറാണെന്നും ജനുവരിയില്‍ തന്നെ ജയില്‍ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ ഈ മാസം ആദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ഷെല്‍ കമ്പനികളുടെ പേരില്‍ പോയസ് ഗാര്‍ഡനില്‍ ഉള്‍പ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂര്‍ണമായി പിടിച്ചെടുത്തത്.

ശശികലയുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമെന്നും കോടതിയെ സമീപിക്കുമെന്നും മന്നാര്‍ഗുഡി കുടുംബം വ്യക്തമാക്കിയിരുന്നു. വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവ്, ചെന്നൈയില്‍ ഉള്‍പ്പടെയുള്ള 200 ഏക്കറോളം ഭൂമി അടക്കം 65 ആസ്തികള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍, ബംഗളൂരു ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പോയസ് ഗാര്‍ഡനിലെ ഈ പുതിയ ബംഗ്ലാവില്‍ താമസിക്കാനാണ് ശശികലയുടെ പദ്ധതി.

ഹൈദരാബാദില്‍ രജിസ്റ്റര്‍ചെയ്ത ശ്രീ ഹരിചന്ദന എസ്റ്റേറ്റ്സ് എന്ന ഷെല്‍ കമ്പനിയുടെ പേരിലാണ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2003-2005 കാലയളവില്‍ 200 ഏക്കര്‍ ഭൂമി ഈ കമ്പനിയുടെ പേരില്‍ വാങ്ങിയിരുന്നു. കാളിയപെരുമാള്‍, ശിവകുമാര്‍ എന്നീ വ്യാജപേരുകളാണ് ഉടമകളായി കാണിച്ചിരുന്നത്. ജാസ് സിനിമാസ്, മിഡാസ് ഗോള്‍ഡന്‍ ഡിസ്റ്റിലറീസ് എന്നിവയുടെ പേരില്‍ ബിനാമി ഇടപാടുകള്‍ നടന്നു. ജയിലില്‍ കഴിയുമ്പോഴും നോട്ട് റദ്ദാക്കല്‍ കാലയളവില്‍ 1600 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടാണ് ശശികല നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here