പൗരത്വ പ്രതിഷേധം; കേസെടുത്ത് പിന്തിരിപ്പിക്കാമെന്നത് പിണറായിയുടെ വ്യാമോഹം: പോപുലർ ഫ്രണ്ട്

0
88

കോഴിക്കോട്: ഭരണഘടന സംരക്ഷിക്കാനായി തെരുവിലിറങ്ങിയവർക്കെതിരെ കേസ്സെടുത്ത് വിരട്ടി പിന്തിരിപ്പാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും അത് വ്യാമോഹം മാത്രമാണെന്നും അതിനെ നേരിടുമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ ഹര്‍ത്താലിനെ പിന്തുണച്ചെന്നാരോപിച്ചാണ് 46 രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കള്‍ക്കെതിരെ കേരളാ പോലിസ് കേസെടുത്തത്. 2019 ഡിസംബര്‍ 17ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് കേസ്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, എസ്‌വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആക്ടിവിസ്റ്റുകളായ ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി, തുടങ്ങിയ പ്രമുഖർക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പോലിസ് സമന്‍സ് അയച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായി കേസെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. എൽഡിഎഫ് ന്യൂനപക്ഷങ്ങൾക്ക് ഒപ്പമാണെന്ന് പുറംമേനി നടിക്കുകയും മറുവശത്ത് പോലിസിനെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്ന പിണറായി വിജയൻ്റെ കാപട്യമാണ് ഇതിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് ആർഎസ്എസിനെ പ്രീണിപ്പിക്കാനാണെന്നതിൽ സംശയമില്ല. സംഘപരിവാര നിലപാടുകൾക്ക് വെള്ളവും വളവും നൽകുന്ന സിപിഎം നേതാക്കളുടെ കാപട്യം കേരള ജനത തിരിച്ചറിയുമെന്നതിൽ സംശയമില്ല. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കള്‍ക്കെതിരായ കേസ് പിൻവലിക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാവണമെന്നും അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here