താമരശ്ശേരി ചുരത്തിന് പകരം തുരങ്കപാത; പദ്ധതി അശാസ്ത്രീയമെന്ന് അഡ്വ: ഹരീഷ് വാസുദേവൻ

0
553

സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച താമരശ്ശേരി ചുരത്തിന് സമാന്തരമായി ഒരുങ്ങുന്ന തിരുവമ്പാടി- മേപ്പാടി തുരങ്കപാത അശാസ്ത്രീയമെന്ന് പാരിസ്ഥിക നിയമങ്ങളിൽ അഗ്രഗണ്യനായ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. പാരിസ്ഥിതിക പ്രാധാന്യമുള്ള പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ പഠനങ്ങളോ മറ്റോ ഇ പദ്ധതിയിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാതക്ക് കേന്ദ്ര വനം പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അനുമതിക്ക് അപേക്ഷിച്ചിട്ട് പോലുമില്ല, വനമേഖല അടക്കം തുരക്കേണ്ട പദ്ധതിക്ക് ആവശ്യമായ പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല, പദ്ധതി ലാഭകരമാണോ എന്നതിന് ആവശ്യമായ പഠനം നടന്നിട്ടില്ല. തുരങ്കം നിർമിക്കുമ്പോൾ നീക്കം ചെയ്യേണ്ടി വരുന്ന പാറ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സംശയിക്കേണ്ടതായും അദ്ദേഹം ആരോപിച്ചു.

അഡ്വ: ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വയനാട്ടിലേക്കുള്ള തുരങ്കം എങ്ങനെ തീരുമാനിച്ചു?

വയനാട്ടിലേക്ക് പോകാൻ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. വികസനത്തെ തുരങ്കം വെയ്ക്കാൻ സമ്മതിക്കില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. വനമേഖല ഉൾപ്പെടെയുള്ള വലിയ മല തുരന്നാണ് തുരങ്കം ഉണ്ടാക്കേണ്ടത്.
വനംമന്ത്രാലയത്തിന്റെ അനുമതിയോ പാരിസ്ഥിതിക അനുമതിയോ കിട്ടാൻ അപേക്ഷ പോലും കൊടുക്കും മുൻപ് പദ്ധതി പൂർത്തിയാക്കും എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ദാ, നിർമ്മാണ ഉദ്ഘാടനവും കഴിഞ്ഞു.

ഒരു പദ്ധതി വേണോ വേണ്ടയോ എന്നറിയാൻ സാമ്പത്തികമായും പാരിസ്ഥിതികമായും സാങ്കേതികമായും വയബിൾ ആണോ എന്നറിയണം. അതിനു ഫീസിബിലിറ്റി പഠനം വേണം. വയബിൾ ആണെന്ന് കണ്ടാൽ പാരിസ്ഥിതിക ആഘാത പഠനം വേണം. പദ്ധതി കൊണ്ടുണ്ടാകാവുന്ന ആഘാതങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അത് പറയും.
പരിഹരിക്കാനാകാത്ത ആഘാതമാണെങ്കിലോ, സാമ്പത്തികമോ സാങ്കേതികമോ ആയി പദ്ധതി നഷ്ടമാണെങ്കിലോ അത് ഉപേക്ഷിക്കും. ഇല്ലെങ്കിൽ മുന്നോട്ടു പോകും.

ഇവിടെ കാലാകാലങ്ങളായി താമരശ്ശേരി ചുരത്തിൽ മലയിടിയാതെ ഉള്ള റോഡ് പരിപാലിക്കാനോ വീതി കൂട്ടാനോ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് മലയിടിച്ചു അടിയിലൂടെ തുരങ്കമുണ്ടാക്കി പുതിയ പദ്ധതി.
ആരാണ് ഇതിന്റെ ഫീസിബിലിറ്റി പഠിച്ചത്? എവിടെ പഠനറിപ്പോർട്ട്?
പരിസ്ഥിതികമായ എന്തൊക്കെ ആഘാതം ഉണ്ടാകും? മണ്ണിടിച്ചിൽ പ്രദേശമാണോ? ഇത്രയധികം പണം ചെലവിട്ടു നിർമ്മിക്കേണ്ട പ്രയോറിറ്റി എന്താണ്? 100 ദിവസത്തെ വികസന പദ്ധതികളിൽ സർക്കാരിന്റെ തന്നെ SDG ക്കും കാലാവസ്ഥാ നയത്തിനും എതിരായ എത്രയെണ്ണം ഉണ്ട്?

ഇതൊന്നും പരിഗണിക്കാതെ ആണല്ലോ മന്ത്രിസഭ ഈ പദ്ധതി തുടങ്ങാൻ അംഗീകാരം നൽകിയത്. രാഷ്ട്രീയമായോ, ജനാധിപത്യപരമായോ, നിയമപരമായോ അത് ശരിയായ തീരുമാനമല്ല. Informed consent അല്ല. പദ്ധതി വേണമെന്ന് ആദ്യം തീരുമാനിച്ചിട്ടു അതിന്റെ ആഘാതം പേരിന് പഠിക്കുന്നതിന്റെ നാശമാണ് നാം വിഴിഞ്ഞത്ത് കണ്ടുകൊണ്ടിരിക്കുന്നത്.

ഇടുക്കിയിൽ ഗ്യാപ്പ് റോഡ് നിർമ്മാണത്തിന്റെ പേരിൽ കോടിക്കണക്കിനു രൂപയുടെ കല്ലു പൊട്ടിച്ചു കടത്തി. സർക്കാർ കുറ്റകരമായ മൗനം പാലിച്ചു കൊള്ളയ്ക്ക് ഒത്താശ ചെയ്തു. മലയിടിഞ്ഞു മനുഷ്യർ മരിച്ചു, കൃഷിഭൂമി തകർന്നു, പലരുടെയും സ്വപ്നങ്ങളും. ഒരു അന്വേഷണവും നടപടിയും ഉണ്ടായില്ല. കുതിരാനിൽ വർഷങ്ങളായി ഒരു തുരങ്കം തുറക്കാൻ ആകാതെ കിടക്കുന്നു. ദേശീയപാത കേന്ദ്രത്തിന്റെ തലയിൽ ആയതുകൊണ്ട് സൈബർ സഖാക്കളും ന്യായീകരണ തൊഴിലാളികളും ക്യാപ്സൂൾ ഒട്ടിച്ചു മുന്നേറുന്നു.

കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ തുരങ്കപാതയുടെയും പിന്നിലെന്ന് ഞാൻ ന്യായമായി സംശയിക്കുന്നു. അല്ലെങ്കിൽ ഇത്തരം പദ്ധതികൾ രഹസ്യമായി തീരുമാനിക്കപ്പെടില്ലല്ലോ. പഠനങ്ങൾ വേണ്ടെന്ന് വെയ്ക്കില്ലല്ലോ. മലയിടിഞ്ഞു പാതി വഴിയിൽ നിർത്തി പോയാലും കൊങ്കൺ കമ്പനിയെ മുന്നിൽ നിർത്തി സബ്കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷൻ ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോൾ LDF ന്റെ തെരഞ്ഞെടുപ്പ് ഫണ്ടും കയിച്ചിലാകും.

ഇടിയുന്ന താമരശേരി ചുരത്തിനു ബദലായി തുരങ്കം ആകാമെങ്കിൽ എല്ലാവർക്കും നല്ല കാര്യമാണ്. കുറെ കാർബൺ എമിഷൻ പോലും തടയാനാകും. എന്നാലത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കപ്പെടേണ്ട ഒന്നാണ്.

നിലനിൽക്കുന്ന വികസനം വേണമെന്ന പരിസ്ഥിതി ദിനത്തിലെ പ്രസംഗങ്ങളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ, ഈ പദ്ധതിയുടെ സമഗ്രമായ ഫീസിബിലിറ്റി റിപ്പോർട്ട് ഉണ്ടാക്കണം. അത് ജനങ്ങൾക്ക് ഇടയിൽ ചർച്ച ചെയ്യണം. അല്ലാതെ ഭൂരിപക്ഷമുള്ളതിന്റെ പേരിൽ എന്തും എങ്ങനെയും നടപ്പാക്കി കളയാം എന്നാണ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും കൂട്ടരും വിചാരിക്കുന്നതെങ്കിൽ അത് ഈ നാട്ടിൽ നടക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചില അശാസ്ത്രീയ പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുമ്പോൾ പരിസ്ഥിതി സ്നേഹികളെ വികസനവിരോധികൾ എന്നു മുദ്ര കുത്തിയിട്ടു കാര്യമില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് ആകണം. അതിനു തയ്യാറാകാൻ സർക്കാരിനോട് പൗരൻ എന്ന നിലയ്ക്ക് ആവശ്യപ്പെടുന്നു. നന്ദി.

അഡ്വ.ഹരീഷ് വാസുദേവൻ.

LEAVE A REPLY

Please enter your comment!
Please enter your name here