ന്യൂഡല്‍ഹി:ബി.ജെ.പിക്കും ആര്.എസ്.എസിനുമെതിരെ പോരാടാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം താനുമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
താന്‍ അഴിമതി നടത്തിയിട്ടില്ല. എവിടെ നിന്നും പണം സ്വീകരിച്ചിട്ടുമില്ല. അതിനാല്‍ ഭയവുമില്ല. വിദ്വേഷത്തിനും അക്രമത്തിനുമെതിരായി പോരാടുമെന്നും രാഹുല്‍ ചിന്തന്‍ ശിബിരില്‍ പറഞ്ഞു.
പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം തകര്‍ന്നുപോയി. അത് മനസിലാക്കി വീണ്ടെടുക്കണം, ശക്തിപ്പെടുത്തണം. അതിന് കുറുക്കുവഴികളില്ല. കഠിനാധ്വാനം തന്നെ വേണം. പാര്‍ട്ടിയുടെ അടിത്തട്ടു മുതല്‍ മാറ്റം വരുത്തിയാല്‍ ആര്.എസ്.എസിനെ അതിജീവിക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ ഇന്ന് സംവാദങ്ങള്‍ അനുവദിക്കുന്നില്ല. രാജ്യത്തെ സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി തകര്‍ക്കപ്പെടുകയാണ്. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തനം നിര്‍ത്തുന്ന ദിവസം, ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്ന ദിവസം നാം ഗുരുതര പ്രശ്നത്തിലാണെന്ന് മനസിലാകും. ചര്‍ച്ചകള്‍ ഇല്ലാതായതിന്റെ അനന്തരഫലത്തെ കുറിച്ച് നാം ചിന്തിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ പോലെ ആര്.എസ്.എസിനോട് പോരാടാനാകില്ല. ഇത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ബി.ജെ.പി കോണ്‍ഗ്രസിനെ കുറിച്ചാണ് പറയുന്നത്. അവര്‍ക്കറിയാം പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരെ തകര്‍ക്കാനാകില്ലെന്ന്. ഇത് രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.