“കോവിഡ് രോഗബാധ കുതിച്ചുയരുമ്പോഴും ചൈന അതിർത്തി മാന്തുമ്പോഴും അവർ റിയ ചക്രവർത്തിയെ അകാരണമായി ആക്രമിച്ചു; ഇന്ത്യൻ മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് വാഷിംഗ്‌ടൺ പോസ്റ്റ്

0
183

ഇന്ത്യൻ മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് വാഷിംഗ്‌ടൺ പോസ്റ്റ്. നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയെ ഇന്ത്യൻ മാധ്യമങ്ങൾ മത്സരിച്ച് ആക്രമിച്ചിരുന്നു, ഇത് ചൂണ്ടിക്കാണിച്ച് മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്ത് വാഷിംഗ്‌ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് മാധ്യമങ്ങളുടെ വികൃത മുഖം വലിച്ച് കീറിയത്.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുകയും ബ്രസീലിനെ കടത്തി വെട്ടുകയും ചെയ്‌തിട്ടും ചൈന ഇന്ത്യയുടെ അതിർത്തി കയ്യേറിയിട്ട് പോലും പ്രൈം ടൈമിൽ ചർച്ച ചെയ്യാത്തവരാണ് റിയ ചക്രവർത്തിയെ നിരന്തരം ആക്രമിച്ചതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. സുശാന്തിന്റെ ലഹരി മരുന്ന് ഉപയോഗത്തിന് കാരണം റിയ ആണെന്ന് ആരോപിക്കുന്ന മാധ്യമങ്ങൾ സുശാന്തിന്റെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ അവമതിക്കുന്നതായും ബർഖ ദത്ത് ചൂണ്ടിക്കാണിക്കുന്നു.

സുശാന്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക വിഭ്രാന്തികൾ മൂലമാണെന്നും സുശാന്തിന് ബൈപോളാർ അസുഖമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്ത്യൻ മാധ്യമങ്ങൾ വിവാഹം, സ്ത്രീ പുരുഷ- ബന്ധത്തിലെ പഴഞ്ചൻ വാർപ്പ് മാതൃകകളിലൂടെ റിയയെ ആക്രമിക്കുകയായിരുന്നുവെന്ന് ബർഖ ദത്ത് സമർത്ഥിക്കുന്നു.
മുൻപ് സഞ്ജയ് ദത്ത് ആയുധം കൈവശം വെച്ച കേസിലും സൽമാൻ ഖാൻ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിലും അറസ്റ്റിലായപ്പോൾ അവരെ അവരുടെ നന്മകൾ വെച്ച് ന്യായീകരിച്ചവരാണ് മാധ്യമങ്ങൾ, എന്നാൽ റിയ ചക്രവർത്തി അവർക്ക് കൊടും അപരാധിയാണ്, അവരെ കൊലപാതകിയാക്കി, മയക്കുമരുന്ന് കടത്തുന്നവരാക്കി, കഞ്ചാവ് കേസിലാണ് റിയ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്, എന്നിട്ടും മാധ്യമങ്ങൾക്ക് നിർത്താൻ ഭാവമില്ല, ബർഖ ദത്ത് കുറ്റപ്പെടുത്തി.

ആരുഷി തൽവാർ വധക്കേസിൽ ആരുഷിയുടെ അമ്മയായിരുന്ന നൂപുർ തൽവാറിനെ വേട്ടയാടിയത് പോലെയാണ് മാധ്യമങ്ങൾ റിയയെ വേട്ടയാടുന്നത്, ആരുഷിയുടെ കേസിൽ മാധ്യമങ്ങൾ കുറ്റക്കാരെന്ന് വിധിച്ച മാതാപിതാക്കളെ കോടതി വെറുതെ വിടുകയുണ്ടായി, ദത്ത് നിരീക്ഷിച്ചു.

മാനസിക സമ്മർദ്ദം മൂലം ഇന്ത്യയിൽ ഓരോ നാല് മിനുട്ടിലും ഒരു ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്യുന്നുണ്ട്, ഇത്തരം യാഥാർഥ്യങ്ങളെ മറച്ച് വെച്ചാണ് മാധ്യമങ്ങൾ റിയയ്ക്ക് പിന്നിൽ കൂടിയിരിക്കുന്നത്, സുശാന്ത് സിങിന്റെ ഫോട്ടോകളിലെല്ലാം അദ്ദേഹം ചിരിച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, അതുകൊണ്ട് സുശാന്തിന് ഡിപ്രെഷൻ ഉണ്ടായിരുന്നില്ല എന്നാണ് ഇന്ത്യൻ മാധ്യമങ്ങളുടെ വാദം, ദത്ത് പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here