ഉപജീവനമാര്‍ഗമായ പശുവിനെ കൊന്നതിന് പകരം വീട്ടാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം; മൂന്നാറിലെ പുലിമുരുകനെ അറസ്റ്റു ചെയ്തു

0
257


മൂന്നാര്‍: ഒന്നരവര്‍ഷം മുമ്പ് ഉപജീവനമാര്‍ഗമായ പശുവിനെ കൊന്നതിന് പകരം പുള്ളിപ്പുലിയെ വകവരുത്തിയ തോട്ടം തൊഴിലാളി അറസ്റ്റിലായി. മൂന്നാറിലെ കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ കഴിഞ്ഞ എട്ടാം തിയതി ചത്ത നിലയില്‍ കണ്ട പുള്ളിപുലിയെ കെണിവച്ച് കുടുക്കി കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.


മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമലയിലെ ലോവര്‍ ഡിവിഷനിലെ എ കുമാറാണ് പിടിയിലായത്. ഒന്നര വര്‍ഷം മുന്‍പ് കുമാറിന്റെ പശു പുലിയുടെ ആക്രമണത്തില്‍ ചത്തിരുന്നു. കുമാറിന്റെ ഏകവരുമാന മാര്‍ഗമായിരുന്ന കറവപ്പശുവാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. ഇതിന് പുലിയോട് പകരം വീട്ടാനായി കുമാര്‍ കെണിയൊരുക്കുകയായിരുന്നു. കേബിള്‍ കമ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കെണി സമീപത്തെ തേയിലക്കാടുകള്‍ക്ക് സമീപമുള്ള ചോലവനത്തില്‍ കുമാര്‍ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി പുലി കടന്നുവരുന്ന ഭാഗത്ത് നിര്‍മ്മിച്ച കെണി ഇയാള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുള്ളിപ്പുലി കെണിയില്‍ കുടുങ്ങിയത്.

ജീവനോടെ കുടുങ്ങിയ പുള്ളിപ്പുലിയെ കുമാര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. ചത്ത നിലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണമാണ് കുമാറിനെ കുടുക്കിയത്. പശു ചത്തതിന് പിന്നാലെ പുലിയോട് പകരം ചോദിക്കുമെന്ന് കുമാര്‍ അയല്‍വാസികളോട് പറഞ്ഞിരുന്നു. അയല്‍വാസികള്‍ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരോട് ഈ വിവരം പറയുകയായിരുന്നു. ഇതോടെയാണ് കുമാറിനെ ചോദ്യം ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ കുമാറിനെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here