കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ വീടിനുള്ളിൽ ചാരായം വാറ്റ്. ഭർത്താവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടയാർ പീടികപ്പടിയ്ക്ക് സമീപം കുഴുപ്പിള്ളിൽ കെ എ സ്കറിയ ആണ് അറസ്റ്റിലായത്. സ്കറിയയുടെ ഭാര്യ മേരി നഗരസഭയിലെ 24ആം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്.
കോൺഗ്രസ് അംഗമായിരുന്ന മേരി പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വാതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. കോൺഗ്രസിന് ഈ ഡിവിഷനിൽ വേറെ സ്ഥാനാർഥി ഉണ്ട്. പാർട്ടിക്കെതിരെ റിബലായി മത്സര രംഗത്ത് എത്തിയതോടെ മേരിയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇടയാറിൽ വീടിനുള്ളിൽ വെച്ച് ചാരായം വാറ്റുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഭാര്യയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ് ചാരായം ഉണ്ടാക്കിയതെന്ന് എക്സൈസ് സംഘത്തിന് സ്കറിയ മൊഴിനൽകിയിട്ടുണ്ട്.