സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുവാന്‍ നീക്കമാരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് മാസത്തോളമായി നിര്‍ത്തി വെച്ചിരുന്ന ഉംറ തീര്‍ത്ഥാടനമാണ് പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും വിജയകരമായി ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഉംറ തീര്‍ത്ഥാടവും ആരംഭിക്കുവാനൊരുങ്ങുന്നത്.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള തീര്‍ത്ഥാടകരെ ഘട്ടം ഘട്ടമായി സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അതിന് ശേഷം മക്കയിലെ ഹറം പള്ളിയില്‍ നിയന്ത്രണങ്ങളോടെ പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ടായിരുന്നുവെങ്കിലും, ആദ്യമായി തീര്‍ത്ഥാടകരെത്തുന്നത് ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് വേണ്ടിയായിരുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് ശേഷം, അടുത്ത ഉംറ സീസണ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം.