യുഎഇയില്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും മാത്രം പ്രവേശിപ്പിച്ചാല്‍ മതിയോ? ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാൽ എന്തായിരിക്കും ഇന്ത്യയുടെ പ്രതികരണം; ഷാര്‍ജ രാജകുടുംബാംഗം

0
280

കോവിഡിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിംകൾക്കെതിരെ ചിലർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ വേദനയും ദേഷ്യവും ഉളവാക്കുന്നുവെന്ന് യുഎഇ രാജകുടുബാംഗം ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി. നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനവും കോവിഡ് വ്യാപനവുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ വിദ്വേഷ പ്രചരണം നടത്തിയപ്പോൾ കടുത്ത വിമര്‍ശനവുമായി ഖാസിമി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ ഇവര്‍ക്ക് ഇന്ത്യക്കാരില്‍ കനത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. വിദ്വേഷവും ഇസ്ലാമോഫോബിയ പരത്തുന്നതുമായ കമന്റുകളുമായാണ് ഖാസിമിയെ ഇവര്‍ നേരിട്ടത്. വിഷയത്തില്‍ ന്യൂസ് 18 പ്രതിനിധിയോട് സംസാരിക്കവെയാണ് ശക്തമായ അമര്‍ഷവും സങ്കടവും അവര്‍ അറിയിച്ചിരിക്കുന്നത്.

‘യുഎഇയും ഇന്ത്യയിലും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ ഇത് പുതിയതാണ്.. ഇതിനു മുമ്ബ് ഇന്ത്യക്കാരില്‍ നിന്ന് ഇത്തരമൊരു വിദ്വേഷം ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.. ഒരു അറബിനെയോ മുസ്ലീമിനെയോ ഒരു ഇന്ത്യക്കാരന്‍ ആക്രമിച്ച സംഭവം ഞാന്‍ ഇതിനു മുമ്ബ് കേട്ടിട്ടില്ല.. പക്ഷെ ഇപ്പോള്‍ അത്തരത്തിലൊരാളുടെ കാര്യം ഞാന്‍ എന്റെ ടൈം ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തു.. എന്റെ ടൈംലൈന്‍ നോക്കിയാല്‍ നിങ്ങള്‍ക്കു കാണാം ആളുകള്‍ അറബികളെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്നത്.. ഇതൊരിക്കലും ഇന്ത്യക്കാരുടെ രീതി ആയിരുന്നില്ല..’ ഖാസിമി പറയുന്നു.

തബ്ലീഗി സമ്മേളനത്തിൽ വിദ്വേഷ പ്രചാരണം ശക്തമായ സാഹചര്യത്തില്‍ യുഎഇയിയെ വിമര്‍ശിച്ചും ഒരാള്‍ രംഗത്തെത്തിയിരുന്നു. കടുത്ത വിദ്വേഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്ത ഇയാളുടെ പോസ്റ്റ് രാജകുടുംബാംഗം തന്നെ ഷെയര്‍ ചെയ്യുകയും ഇത്തരക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസഡറും പ്രധാനമന്ത്രിയും അടക്കം രംഗത്തെത്തിയിരുന്നു. വിവേചനം നമ്മുടെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കെതിരാണെന്നും യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ ഇത് ഓര്‍ത്തിരിക്കണമെന്നുമായിരുന്നു അംബാസഡര്‍ അറിയിച്ചത്.

ഇതേ വിഷയത്തില്‍ തന്നെയാണ് ഇപ്പോള്‍ ഖാസിമിയും പ്രതികരിക്കുന്നത്. കുറച്ചു വ്യക്തികളുടെ അഭിപ്രായം യുഎഇയില്‍ ജോലി ചെയ്യുന്ന, ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും അഭിപ്രായമല്ലെന്ന് തിരിച്ചറിഞ്ഞ് തന്നെ ശക്തമായ ഒരു സന്ദേശവും അവര്‍ നല്‍കുന്നുണ്ട്. ‘യുഎഇയില്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും മാത്രം പ്രവേശിപ്പിച്ചാല്‍ മതിയോ ? യുഎഇയില്‍ ആരെയൊക്കെ പ്രവേശിപ്പിക്കണമെന്ന് തെരഞ്ഞെടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കാന്‍ ശ്രമിക്കുകയാണോ ഇന്ത്യ? ഇങ്ങനെയല്ല ഞങ്ങള്‍ വളര്‍ന്നത്.. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാവരും ഇന്ത്യക്കാരാണ്.. അവര്‍ ഇന്ത്യന്‍ മുസ്ലീങ്ങളായത് കൊണ്ട് മാത്രം അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കും എന്ന തരത്തില്‍ ഞങ്ങള്‍ ആരെയും പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല’

‘ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് യുഎഇയില്‍ പ്രവേശനമില്ലെന്ന് ഞാന്‍ പരസ്യമായി തന്നെ പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് അതെങ്ങനെ തോന്നും? ഓരോ വര്‍ഷവും 14 ബില്യണ്‍ ഡോളറാണ് എമിറേറ്റ്സില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നത്. ഇതൊക്കെ അവസാനിച്ചാലോ ഈ രാജ്യത്തിനായി നിരവധി ഇന്ത്യക്കാരാണ് കഠിനാധ്വാനം ചെയ്യുന്നത്… അവരെ ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്ന ആളുകളെ അവര്‍ അര്‍ഹിക്കുന്നു എന്ന് തോന്നുന്നില്ല’ ഖാസിമി വ്യക്തമാക്കി.

താനൊരു രാഷ്ട്രീയ പ്രതിനിധിയല്ലെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ സര്‍ക്കാരുമായി തന്റെ ആശങ്കകള്‍ ഇതുവരെ പങ്കുവച്ചിട്ടില്ലെന്നും ഖാസിമി പറഞ്ഞു. പക്ഷെ ഇന്ത്യയുടെ മുന്‍ യുഎഇ അംബാസഡര്‍ നവദീപ് സുരിയുമായി താന്‍ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് ഇക്കാര്യങ്ങള്‍ സംസാരിക്കാറുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ‘വിദ്വേഷ പ്രചാരണം രാജ്യത്ത് നിയമവിരുദ്ധമാണ്.. അത് അവസാനിപ്പിക്കുന്നതിനായി ശബ്ദം ഉയര്‍ത്തുന്നത് തുടരുക തന്നെ ചെയ്യും.. കാരണം ഞാന്‍ ഇന്ത്യയുടെ നല്ലൊരു സുഹൃത്താണ്..’ അവര്‍ പറഞ്ഞു നിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here