ലോക്ക് ഡൌൺ ഇളവ്:സലൂണിലും, ബ്യൂട്ടിപാര്‍ലറിലും പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…

0
168

ലോക്ക് ഇളവികളിൽ സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി സാഹചര്യത്തിൽ മുടി വെട്ടാനും മുടി ഡ്രസ്സ് ചെയ്യാനും എത്തുന്നവർ രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. നാം പേടിക്കുന്ന സാമൂഹിക വ്യാപനം സാധ്യത കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം കേന്ദ്രങ്ങള്‍.

പ്രതികൂല ഘടകങ്ങള്‍

പലയിടത്തും വായുസഞ്ചാരം കുറവുള്ള ഇടുങ്ങിയ മുറികള്‍
അടുപ്പിച്ച് ഉറപ്പിച്ച് വെച്ചിരിക്കുന്ന കസേരകള്‍
ഒരു ദിവസം മുഴുവന്‍ ഈ ക്ലോസ്ഡ് സ്‌പേസില്‍ തുടരുന്ന ജീവനക്കാര്‍
കസ്റ്റമേഴ്‌സിനോട് ശാരീരികമായി അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യം
നാളുകള്‍ക്ക് ശേഷം പെട്ടന്ന് തുറക്കുമ്പോള്‍ വരുന്ന തിരക്ക് തുടങ്ങിയവ.ഇതൊക്കെ മനസ്സില്‍ കണ്ടു കൊണ്ട് വേണം മുടി വെട്ടാന്‍ പോവാന്‍.

കരുതല്‍ നടപടികള്‍

* വളരെ അവശ്യമാണെങ്കില്‍ മാത്രം ഈ സേവനം ഉപയോഗപ്പെടുത്തുക.
* രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മുടി വെട്ടാന്‍ പോകരുത്.
* ഉപഭോക്താക്കളും ജീവനക്കാരും മാസ്‌ക് ധരിക്കണം.
* ജീവനക്കാരെയും, കസ്റ്റമേഴ്‌സിനെയും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് താപനില പരിശോധന സ്‌ക്രീനിങ്ങിന് വിധേയമാക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും.
* കൂടുതല്‍ ഉപഭോക്താക്കള്‍ ഒരേ സമയം സലൂണ്‍/ പാര്‍ലറില്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തുക.
* ഫോണ്‍ മുഖേനയുള്ള അപ്പോയിന്റ്‌മെന്റ് സമ്പ്രദായം, ടോക്കണ്‍ സിസ്റ്റം എന്നിവ ഏര്‍പ്പെടുത്തി സമയക്രമം പാലിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
* എയര്‍ കണ്ടിഷന്‍ കഴിവതും ഒഴിവാക്കുക. ജനാലകള്‍ വാതിലുകള്‍ എന്നിവ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പ് വരുത്താന്‍ ശ്രമിക്കണം.
* വാതില്‍ തുറന്നിടാന്‍ കഴിയുന്നില്ലെങ്കില്‍, തുറക്കാന്‍ കൈപ്പിടിയില്‍ പിടിക്കുമ്പോള്‍ ശ്രദ്ധിക്കണം. തൊട്ടു മുന്‍പ് വന്ന ആള്‍ അവിടെ സ്പര്‍ശിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഓരോരുത്തരും കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
* ഓരോരുത്തരും കയറിയ ശേഷവും ഇറങ്ങിയ ശേഷവും വാതിലിന്റെ കൈപ്പിടികള്‍ അണുവിമുക്തമാക്കുന്നത് നന്നായിരിക്കും.
* വാതിലിനടുത്തും കാഷ് കൗണ്ടറിലും ഹാന്‍ഡ് സാനിറ്റൈസര്‍ വയ്ക്കുന്നത് നന്നായിരിക്കും.
* ഓരോ തവണയും ഉപഭോക്താവ് കസേരയിലിരിക്കുന്നതിന് മുന്‍പ് 70 ശതമാനം ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍/വൈപ്‌സ് ഉപയോഗിച്ച് ഇരിപ്പിടം, കൈപ്പിടികള്‍ ക്ലീന്‍ ചെയ്യണം.
* ഒന്നില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഉള്ള സലൂണ്‍/പാര്‍ലര്‍ ആണെങ്കില്‍ ഓരോ ഇരിപ്പിടത്തിലും പ്രത്യേകം * ലോഷനുകളും ഉപകരണങ്ങളും ഉപയോഗിക്കേണ്ടതാണ്.
ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ അകലം പാലിക്കുക.
* ജീവനക്കാര്‍ കര്‍ശനമായി വ്യക്തി ശുചിത്വം പാലിക്കണം.
* ജീവനക്കാര്‍ മാസ്‌ക്കും ഗ്ലൗസും ധരിക്കുകയും ഓരോ ഉപഭോക്താവിനെ സമീപിക്കുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും അല്ലെങ്കില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും ചെയ്യുക.
* ഓരോ ഉപഭോക്താവിനും പ്രത്യേകം തുണി ടവലുകള്‍ ഉപയോഗിക്കുക. ഉപഭോക്താക്കള്‍ സ്വന്തം ടവല്‍ കൊണ്ടു വന്ന് ഉപയോഗിക്കുന്നത് അഭികാമ്യം.
* പരമാവധി പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് നന്നായിരിക്കും. നേരിട്ട് പണം കൈമാറുകയാണെങ്കില്‍ അതിന് ശേഷവും കൈകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
* മുടി വെട്ടി വൃത്തിയാക്കിയശേഷം ഉപഭോക്താവ് സോപ്പ് തേച്ച് നന്നായി കുളിച്ചശേഷം മാത്രം മറ്റ് ജോലികളില്‍ ഏര്‍പ്പെടുക.
* ഉപയോഗിച്ച മാസ്‌കുകള്‍, ഗ്ലൗസ് എന്നിവ കൃത്യമായി അണുവിമുക്തമാക്കി നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
* സ്ഥാപനത്തിലെ തറ, ഫര്‍ണിച്ചറുകള്‍ എന്നിവ ഒരു ശതമാനം ബ്ലീച്ച് ലായനി കൊണ്ട് ദിവസവും വൃത്തിയാക്കണം.
* സ്ഥാപനത്തില്‍ രോഗലക്ഷണമുള്ള ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവധി നല്‍കണം.
* ഏതെങ്കിലും തരത്തിലുള്ള കോവിഡ് 19 സമ്പര്‍ക്ക ചരിത്രം ബോധ്യപ്പെടുകയാണെങ്കില്‍ ജീവനക്കാര്‍ സ്വമേധയാ ഹോം ക്വാറന്റൈനില്‍ കഴിയേണ്ടതും അതാതു ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമിലും അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും അറിയിക്കേണ്ടതുമാണ്. അവരുടെ നിര്‍ദേശപ്രകാരം മേല്‍ നടപടികള്‍ സ്വീകരിക്കണം.
* എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശയുടെ ടോള്‍ ഫ്രീ നമ്പറില്‍ (1056) വിളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here