ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍, ചെവിയിലും തലയിലും നെറ്റിയിലും രക്തം

0
340

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ മുഹമ്മദിന്റെയും സുലൈഖയുടെയും മകന്‍ ഷംസാദിനെ(32)യാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി വണ്ടാനം കിഴക്ക് വെമ്പാലമുക്കിനു സമീപമാണ് മരിച്ച നിലയില്‍ കണ്ടത്. ചെവിയിലും തലയിലും നെറ്റിയിലും ചോര വാര്‍ന്നിട്ടുണ്ട്.

പാലക്കാട് പൊഴിക്കരയില്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ മൊത്തക്കച്ചവടക്കാരനായിരുന്ന ഷംസാദ് നാലു ദിവസം മുന്‍പ് ആലപ്പുഴയിലേക്ക് തിരിച്ചതാണ്. സുഹൃത്തുക്കളായ രണ്ടു യുവാക്കളോടൊപ്പം ഷംസാദ് ചൊവ്വാഴ്ച രാവിലെ അമ്പലപ്പുഴയിലേക്ക് പോയ ശേഷം തിരികെ വെമ്പാലമുക്കിലെത്തി കാറില്‍ തന്നെ വിശ്രമിച്ചു. രാത്രിയായിട്ടും ഷംസാദ് കാറില്‍ നിന്നിറങ്ങാതിരുന്നതിനാല്‍ വിളിക്കാന്‍ പോയ ഭാര്യ ഷാഹിറയാണ് ഷംസാദ് അവശ നിലയില്‍ കാറില്‍ പിന്‍സീറ്റില്‍ കിടക്കുന്നത് കണ്ടത്.

ഷാഹിറ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഷംസാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഷംസാദിന്റെ പിതൃസഹോദരന്‍ അബുബക്കര്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി. ഷംസാദിനോടൊപ്പം ചൊവ്വാഴ്ച ഉണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് വിളിച്ചു വരുത്തി വിശദമായ മൊഴിയെടുത്ത ശേഷം വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here