സ്വപ്‌നയ്‌ക്കൊപ്പമുണ്ടായ മന്ത്രിപുത്രന്‍ ഇ പി ജയരാജന്റെ മകന്‍, മന്ത്രിയുടെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ ഇടപാട് നടത്തി; അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജന്‍സികള്‍

0
409

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നക്കൊപ്പമുണ്ടായിരുന്ന മന്ത്രി പുത്രന്‍ മന്ത്രി ഇ.പി.ജയരാജന്റെ മകന്‍. ജയരാജിന്റെ മകന്‍ സ്വപ്‌നയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ മന്ത്രിയുടെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീന്‍ ലംഘിച്ച് കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി അടിയന്തര ലോക്കര്‍ ഇടപാട് നടത്തിയതും കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്. ഇതേ ശാഖയില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയതിനു ശേഷം ക്വാറന്റീനില്‍ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവര്‍ ബാങ്കിലെത്തുകയായിരുന്നു.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണം. ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേര്‍ ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു. വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കര്‍ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവന്‍ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടര്‍ന്നാണ് ഗോള്‍ഡ് അപ്രൈസര്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നത്.

സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് ചില ഇടപാടുകളും നടത്തി. സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ജീവനക്കാരനും ലോക്കര്‍ തുറക്കാന്‍ ഒപ്പം ചെന്ന മാനേജരും ക്വാറന്റീനില്‍ പോകേണ്ടി വന്നു. ക്വാറന്റീന്‍ ലംഘിച്ച് ഇന്ദിര വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കര്‍ റജിസ്റ്ററില്‍ ഒപ്പുവച്ചിട്ടുമുണ്ട്. ലോക്കറില്‍ നിന്ന് എന്താണ് എടുക്കുന്നതെന്നു ബാങ്കില്‍ വെളിപ്പെടുത്തേണ്ടതില്ല. പൊലീസ് കേസെടുക്കാവുന്ന കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തി അടിയന്തരമായി ലോക്കര്‍ തുറക്കേണ്ടി വന്ന സാഹചര്യം സംബന്ധിച്ചാണ് സംശയം ഉയരുന്നത്.

ബാങ്കിലെ 4 ലോക്കറുകളുടെ താക്കോല്‍ ഏറെക്കാലമായി കാണാതായതു സംബന്ധിച്ചും ദുരൂഹതയുണ്ട്. ആര്‍ക്കും കൈമാറാത്ത ലോക്കറുകളുടെ താക്കോല്‍ നഷ്ടപ്പെട്ടതായി മുന്‍പ് ജില്ലാ ബാങ്ക് മാനേജര്‍, ജനറല്‍ മാനേജര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. താക്കോല്‍ കാണാതായാല്‍ നിയമപരമായി ലോക്കര്‍ ബ്രേക്ക്ഓപ്പണ്‍ ചെയ്തു പുതിയ താക്കോല്‍ നിര്‍മിക്കണമെന്നാണു നിയമം. എന്നാല്‍ ഇതുവരെ ബാങ്ക് അധികൃതര്‍ അതുമായി ബന്ധപ്പെട്ടും നടപടിയെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here