പ്രതിബന്ധങ്ങളെ മറികടന്ന് ഇടത് സർക്കാർ അഞ്ചാം വർഷത്തിലേക്ക്; മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്ത സമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ

0
55

പ്രതിബന്ധങ്ങളെല്ലാം മറികടന്ന് പിണറായി സർക്കാർ ഇനി അഞ്ചാം വർഷത്തിലേക്ക്. മുമ്പെങ്ങും കേരളം കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി തരണം ചെയ്താണ് സംസ്ഥാന സർക്കാർ നാല് വര്ഷം പൂർത്തീകരിക്കുന്നത്. ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തിൽ മറികടക്കാനും നേരിടാനും സര്‍ക്കാരിനായി എന്നത് തന്നെയാണ് അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് പറയാനുള്ളത്. രണ്ട് പ്രളയവും കൊവിഡ് മഹാമാരിയും നേരിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. കോവിഡ് വൈറസ് പ്രതിസന്ധി സൃഷ്ടിക്കവേ ഇത്തവണ വാര്‍ഷികാഘോഷങ്ങളില്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മളനം തുടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്ത സമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ

‘വോട്ടു നേടാനായുള്ള അഭ്യാസത്തിനായിരുന്നില്ല ഇടത് സമീപനം. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാ വര്‍ഷവും സുതാര്യമായി ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രോഗ്രസ് റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കും.നാല് വര്‍ഷം കൊണ്ട് ആര്‍ജ്ജിച്ച പുരോഗതിയാണ് കൊവിഡ് പ്രതിരോധത്തിൽ തുണയായത്. തടസങ്ങൾ ഏറെ നേരിട്ടാണ് കേരള പുരോഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എല്ലാ കണക്കുകൂട്ടലിനേയും തെറ്റിച്ചാണ് നൂറ്റാണ്ടിലെ വലിയ പ്രളയം ഉണ്ടായത്.

വികസന തുടര്‍ച്ചക്ക് അത് സ്വാഭാവികമായും തടസമുണ്ടാക്കി. പക്ഷെ ഒറ്റക്കെട്ടായാണ് കേരളം അതിനെ പ്രതിരോധിച്ചത്. പ്രളയ ദുരിതം അതിജീവിക്കാൻ ഒത്തൊരുമിച്ച് മുന്നേറുന്നതിനിടെ കാര്‍ഷക്കെടുതിയായി. അത് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചരിത്രത്തിലില്ലാത്ത വെല്ലുവിളിയുമായി കൊവിഡ് 19 വന്നത്. എല്ലാറ്റിനേയും അതിജീവിക്കാൻ പ്രയാസമാണ്. എന്നാൽ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം പ്രവര്‍ത്തിക്കാൻ കേരളത്തിനായി.

ആരോഗ്യവും ആത്മാഭിമാനവും ആത്മവിശ്വാസവും വിദ്യാഭ്യാസവും ഹരിതാഭയുമുള്ള നവകേരളമാണ് ലക്ഷ്യമിട്ടത്. മത്സ്യതൊഴിലാളി ഭവനപദ്ധതി സുപ്രധാന നേട്ടം. 390 കിലോമീറ്റർ നീളത്തിൽ പുഴകളെ തിരിച്ചുപിടിച്ചു. സംസ്ഥാനത്തിൻ്റെ ചെലവ് കൂടി. ഈ വർഷം ചെലവിൽ 15 ശതമാനം വർദ്ധനവ് ഉണ്ടാകും. പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. കിഫ്ബി അതിനുള്ള തനത് വഴിയാണ്. 2150 കോടി രൂപ മസാല ബോണ്ടുകൾ വഴി മാത്രം സമാഹരിച്ചു. സാധാരണ വികസനത്തിന്റെ അഞ്ചിരട്ടിയാണ് കിഫ്ബി വഴി ഉണ്ടാക്കിയത്.

എല്ലാവരേയും ഉൾക്കൊള്ളുന്ന നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കൊവിഡ് കാലത്ത് ആരും പട്ടിണികിടക്കരുതെന്ന് ലക്ഷ്യമിട്ടാണ് കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിത്. 23409 കോടി രൂപ ക്ഷേമ പെൻഷനായി നൽകി. നാല് വര്‍ഷവും അഞ്ച് വര്‍ഷവും തമ്മിലുള്ള താരതമ്യമാണ് ഇതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് ഒരു പെൻഷനും ലഭിക്കാത്ത ആളുകൾക്ക് 1000 രൂപ വീതവും എല്ലാ റേഷൻകാര്‍ഡ് ഉടമകൾക്കും പലവ്യഞ്ജന കിറ്റും നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും ക്ഷേമം ഉറപ്പാക്കാൻ പദ്ധതികളുണ്ടാക്കി. പൊലീസ് സേനയിലെ വനിതാ സാന്നിദ്ധ്യം കൂട്ടാൻ പദ്ധതികൾ ഏറെ ഉണ്ടാക്കി. ഫയര്‍ ഫോഴ്സിൽ 100 ഫയര്‍ വുമണെ നിയമിക്കുന്നതിത് ആദ്യമായാണ്. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ശക്തമായ നടപടികളുണ്ടായി. നാല് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് കടന്ന് വന്നു. കുടുംബശ്രീകളുടെ പ്രവര്‍ത്തനം മുൻപെങ്ങുമില്ലാത്ത വിധം മെച്ചപ്പെട്ടു. അതിഥി തൊഴിലാളികൾക്ക് അപ്നാഘര്‍ എന്ന പേരിൽ സ്വന്തമായി പാര്‍പ്പിട സൗകര്യം അടക്കം ശ്രദ്ധേയമായ നേട്ടങ്ങളാണ് കേരളം ഉണ്ടാക്കിയത്. കൊവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്ക് ഒരുക്കിയ സൗകര്യങ്ങൾ ലോക ശ്രദ്ധ നേടിയിട്ടുണ്ട്.

തൊഴിൽ മേഖലയിൽ മിനിമം വേതനം പുതുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിലും കാതലായ മാറ്റം ഉണ്ടായി. ആരുടേയും സഹായമില്ലാതെ ഓൺലൈനായി സഹായത്തിന് സമീപിക്കാവുന്ന സംവിധാനം സുതാര്യമായി നടപ്പാക്കാൻ സര്‍ക്കാരിന് കഴിഞ്ഞു. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾ വരെ മനസു നിറഞ്ഞാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.’

കടപ്പാട്: ASIANET NEWS.COM

LEAVE A REPLY

Please enter your comment!
Please enter your name here