പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്ന് ഡിഎന്‍എ ഫലം

0
77

വയനാട്: വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്ന് ഡിഎന്‍എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്. പുത്തമലക്ക് സമീപമുള്ള സൂചിപ്പാറവെള്ളചാട്ടത്തിന് അടുത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ ഫലമാണ് പുറത്ത് വന്നത്. കാണാതായ 5 പേരുടെ ബന്ധുക്കളുടെ ഡിഎന്‍എയുമായി ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം.

പ്രദേശത്ത് മറവ് ചെയ്ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്ടം മഴയില്‍ ഒഴുകിയെത്തിയത് ആയിരിക്കാം ഇതെന്നാണ് പൊലീസ് നിഗമനം. കണക്കില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പുത്തുമല ഉരുള്‍പൊട്ടലില്‍ 17 പേരായിരുന്നു അകപ്പെട്ടത്. ഇതില്‍ 12 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. 6 മാസത്തിന് ശേഷമാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയില്‍ ഇപ്പോള്‍ ഡിഎന്‍എ ഫലം വന്ന മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ നിന്ന് ഡിഎന്‍എ ഫലം വൈകുന്നതിനെതിരെ കാണാതായവരുടെ ബന്ധുക്കള്‍ നേരത്തെ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here