2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടങ്ങളിലൊന്നാണ് തവനൂരിലേത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ രാഷ്ട്രീയപോരാട്ടം ഇത്തവണ ചൂടുപിടിക്കുമെന്നുറപ്പാണ്. ഖുര്‍ആന്‍ വിവാദവും സ്വര്‍ണ്ണക്കടത്തും ഇപ്പോഴും വാര്‍ത്തയില്‍ നില്ക്കുന്നതിനാല് ജലീല്‍ മത്സരിപ്പിക്കുമോ എന്നത് സംശയമാണ്.
മൂന്നാം തവണ ജലീല്‍ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. മത്സരരംഗത്ത് നിന്ന് മാറുമെന്നും അധ്യാപനത്തിലേക്ക് മടങ്ങുമെന്നും ജലീല്‍ നേരത്തെ അറിയിച്ചിരുന്നു.
2011 ല്‍ മണ്ഡലപുനര്‍നിര്‍ണയത്തോടെ തവനൂരിലേക്ക് ചുവടുമാറ്റിയ ജലീലിന് രണ്ട് തവണയും കോണ്‍ഗ്രസ് ആയിരുന്നു എതിരാളി. സീറ്റുകള്വെച്ചുമാറിയാല് ഇത്തവണ ലീഗ് തവനൂരില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ സര്‍വ്വസമ്മതനായ സ്വതന്ത്രസ്ഥാനാര്ത്ഥിയേയാകും ലീഗ് പരിഗണിക്കുക. ഇതില്‍ മുന്‍പന്തിയിലുള്ളത് ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ പേരാണ്.