സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; രജനി മക്കള്‍ മന്‍ട്രം ജില്ലകളില്‍ ശില്‍പ്പശാല നടത്തി

0
98

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന്റെ സൂചനകള്‍ നല്‍കി രജനി മക്കള്‍ മന്‍ട്രം ജില്ലകളില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ശില്‍പശാലകള്‍ തുടങ്ങി. തഞ്ചാവൂരില്‍ നടന്ന ആദ്യ ശില്‍പശാലയില്‍ ജില്ലയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. പാര്‍ട്ടിയുടെ നയം, രജനീകാന്തിന്റെ പ്രഖ്യാപിത നയമായ ആത്മീയ രാഷ്ട്രീയത്തിന്റെ നിര്‍വചനം തുടങ്ങിയ കാര്യങ്ങളാണു ശില്‍പശാലകളില്‍ വിശദീകരിക്കുന്നത്.

രജനി മക്കള്‍ മന്‍ട്രം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണു ക്ലാസുകള്‍. രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം ഈ മാസമുണ്ടാകുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും കോവിഡ് കാരണം പിന്നീട് വിശദീകരണമുണ്ടായില്ല. എന്നാല്‍, അണിയറയില്‍ മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി മുടക്കമില്ലാതെ ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടി പ്രഖ്യാപനമെന്ന ലക്ഷ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്നു തന്നെയാണു താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

രജനി മക്കള്‍ മന്‍ട്രത്തിനു സംസ്ഥാനമെമ്പാടും സംഘടനാ സംവിധാനമായെന്നും ഇനി പാര്‍ട്ടി പ്രഖ്യാപനം ഔപചാരികം മാത്രമാണെന്നുമാണു അവരുടെ വാദം. പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങാവുന്ന രീതിയില്‍ സംഘടനാ സജ്ജമാണെന്നു അവര്‍ പറയുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മല്‍സരിക്കുമെന്നു 2018 പുതുവത്സര തലേന്നാണു രജനീകാന്ത് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here