എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ അടുത്തിരിക്കെ ആശങ്കയിൽ വിദ്യാർത്ഥി കളും അധ്യാപകരും

തൃശ്ശൂര്‍: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പര്‍ പാറ്റേണ്‍ പുറത്തുവന്നതോടെ വിദ്യാഭ്യാസരംഗത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്.

പരീക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ (ഫോക്കസ് ഏരിയ) മാത്രം പഠിച്ചാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടില്ല എന്നതാണ് ഇതിന് അടിസ്ഥാനമായത്. മിക്ക വിഷയങ്ങളും ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിപ്പിച്ചുതീര്‍ന്നിട്ടുള്ളത് പകുതി പാഠഭാഗങ്ങള്‍ മാത്രമാണ്. ഇനി കിട്ടുന്നത് രണ്ടരമാസം മാത്രമാണ്. ആ സമയംകൊണ്ട് പുസ്തകത്തിന്റെ പകുതി പഠിപ്പിക്കണമെന്നത് അസാധ്യമെന്ന് അധ്യാപകര്‍ പറയുന്നു.

പുസ്തകം മുഴുവന്‍ പഠിക്കണമെന്ന് ആദ്യംതന്നെ പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഇത്ര സമ്മര്‍ദത്തിലാവില്ലായിരുന്നു. ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് അധ്യയനവര്‍ഷത്തിന്റെ തുടക്കംമുതല്‍ കഴിഞ്ഞദിവസംവരെ മിണ്ടിയിരുന്നില്ല. ഫോക്കസ് ഏരിയ ഉണ്ടാവുമെന്ന് മന്ത്രിയടക്കം പറഞ്ഞുകൊണ്ടുമിരുന്നു. എന്നാല്‍ ചോദ്യപാറ്റേണ്‍ പുറത്തുവന്നതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് 30 ശതമാനം ചോദ്യങ്ങള്‍ ഉണ്ടാവുമെന്നതാണ് അങ്കലാപ്പിലാക്കിയത്.

എസ്.എസ്.എല്‍.സി.ക്കാരേക്കാള്‍ കഷ്ടത്തിലാവുന്നത് പ്ലസ്ടുക്കാരാണ്. ഫലത്തില്‍ സ്‌കൂളില്‍ വന്നുള്ള ക്ലാസ് അവര്‍ക്കിനി കഷ്ടിച്ച്‌ നാലാഴ്ച മാത്രമേ കിട്ടൂ. ജനുവരി 30-ന് ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടക്കുകയാണ്. ഏതാണ്ട് മൂന്നുലക്ഷം കുട്ടികള്‍ ഈ പരീക്ഷ എഴുതുന്നുണ്ട്. ആ പരീക്ഷ കഴിഞ്ഞാല്‍ പിറ്റേ ആഴ്ചതന്നെ അതിന്റെ മൂല്യനിര്‍ണയം നടക്കും. മിക്ക അധ്യാപകരും അതിന്റെ ഡ്യൂട്ടിയിലാവും. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച അങ്ങനെ ക്ലാസില്ലാതാവും. ഫെബ്രുവരി 15ഓടെ പ്രാക്ടിക്കല്‍ പരീക്ഷ തുടങ്ങും. പിന്നീടുള്ള രണ്ടാഴ്ച അതിന്റെ പേരില്‍ ക്ലാസ് മുടങ്ങും. മാര്‍ച്ച്‌ ഒന്നിന് ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിയുമ്ബോഴേക്കും മോഡല്‍ പരീക്ഷ 16ന് തുടങ്ങും. 10 ദിവസം അങ്ങനെയും പോകും. മാര്‍ച്ച്‌ 31നാണ് പ്ലസ്ടു പരീക്ഷ