പ്രവാസികളെ നാട്ടിലെത്തിക്കാൻ ‘സ്‌പൈസ് ജെറ്റിന്’ അനുവാദം; അനുവാദത്തിന് പിന്നിൽ ഉയരുന്ന ചോദ്യങ്ങളും സംശയങ്ങളും

0
349

ലോക്ക്ഡൗണില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് 300 വിമാന സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യക്കമ്പനിയായ സ്‌പൈസ് ജെറ്റിന് സംസ്ഥാന സർക്കാർ അനുവാദം നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ‘സ്‌പൈസ് ജെറ്റ്’ എന്ന സ്വകാര്യ വിമാനക്കമ്പനിക്ക് അനുവാദം നൽകിയതോടെ ചില ചോദ്യങ്ങളും സംശയങ്ങളും ഉയരുകയാണ്.

ഒരു സ്വകാര്യക്കമ്പനിയെ ഇത്തരത്തിലൊരു ചുമതല ഏൽപ്പിക്കുമ്പോൾ പ്രവാസികളിൽ നിന്ന് വലിയൊരു തുക വിമാനക്കമ്പനി ഈടാക്കുമോ എന്ന കാര്യവും സംശയത്തിലാണ്. വിമാനടിക്കറ്റിന്റെ പേരിൽ പ്രവാസികളിൽ നിന്ന് സ്വകാര്യ കമ്പനികൾ കൊള്ള വില ഈടാക്കുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. കൂടാതെ കോവിഡ് നെഗറ്റിവ് ആയവരെ മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കൂ എന്ന നിലപാടും സ്‌പൈസ് ജെറ്റ് എടുത്തിരുന്നു. അതിനാൽ തന്നെ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാനായി സ്‌പൈസ് ജെറ്റ് അധികൃതർക്ക് മുന്നിൽ ഇവർ കോവിഡ് പരിശോധനയ്ക്ക് വിധേയനാവണം. കോവിഡ് പരിശോധനയുടെ പേരിലും സ്വകാര്യ വിമാനകമ്പനികൾ പണം ഈടാക്കുമോ എന്ന കാര്യവും വ്യക്തമല്ല. ഇത്തരത്തിലുള്ള ഘടകങ്ങൾ പരിശോധിക്കുമ്പോൾ സ്വകാര്യക്കമ്പനിക്ക് സംസ്ഥാന സർക്കാർ അനുവാദം നൽകിയതിലൂടെ വലിയൊരു വിമാനകൊള്ളയ്ക്കുള്ള സാധ്യത കൂടിയാണ് സംസ്ഥാന സർക്കാർ ഒരുക്കിയതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

കേന്ദ്ര സർക്കാരുമായി ഇടപ്പെട്ട് വന്ദേമാതരം മിഷനിൽ കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിപ്പിക്കുക, ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുവാദം നൽകുക, അല്ലെങ്കിൽ കേരളാ സർക്കാർ നേരിട്ട് ഇടപ്പെട്ട് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ സമയത്ത് സ്വകാര്യകമ്പനികളെ ഏൽപിക്കുന്നതിന് പകരമുള്ള ഉചിതമായ പരിഹാരങ്ങൾ. കോവിഡ് ഭീഷണിയാലും മറ്റ് ബുദ്ധിമുട്ടുകളാലും നാട്ടിലേക്ക് എത്താനുള്ള എല്ലാ വഴികളും പ്രവാസികൾ തേടും. എന്നാൽ ആ പ്രവാസികളെ കൂടുതൽ സാമ്പത്തിക ചൂഷണങ്ങൾക്ക് ഇരയാക്കത്തെ അവരെ നാട്ടിലെത്തിക്കും നമ്മുടെ സർക്കാറിനാവണം.

LEAVE A REPLY

Please enter your comment!
Please enter your name here