നാളെ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ സോണിയയും രാഹുലും പങ്കെടുക്കില്ലെന്ന് വിവരം

0
57

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കില്ലെന്ന് വിവരം. വാര്‍ഷിക മെഡിക്കല്‍ പരിശോധനയ്ക്കായി സോണിയ വിദേശത്തേയ്ക്ക് പോയതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. അമ്മയുടെ ഒപ്പം രാഹുല്‍ ഗാന്ധിയും വിദേശത്ത് പോയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രാഹുല്‍ മടങ്ങുകയും പ്രിയങ്ക ഗാന്ധി സോണിയയുടെ അടുത്തേയ്ക്ക് പോകുകയും ചെയ്യുമെന്നാണ് വിവരം.

യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഏകോപനത്തെ സംബന്ധിച്ചും സോണിയ നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് പാര്‍ട്ടിയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ സഭകളില്‍ ഉന്നയിക്കാനും നിര്‍ദേശം നല്‍കിയതായാണ് സൂചന. സാമ്പത്തിക തകര്‍ച്ച, കോവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിന്റെ വീഴ്ചകള്‍ തുടങ്ങിയവ കോണ്‍ഗ്രസ് ഉന്നയിക്കുമെന്നാണ് സൂചന. വിദേശത്തേയ്ക്ക് പോകുന്നതിനു മുന്‍പ് വെള്ളിയാഴ്ച, പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണിയാണ് കോണ്‍ഗ്രസ് അധ്യക്ഷ നടത്തിയത്.

കത്തെഴുത്തു വിവാദത്തിനും തുടര്‍ന്നുണ്ടായ പരസ്യമായ വിഴുപ്പലക്കലിനും പിന്നാലെയുണ്ടായ പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറിമാരെ മാറ്റിയും പുതിയ സംസ്ഥാനങ്ങളിലേക്കു ചുമതല നല്‍കിയും എഐസിസി പുനഃസംഘടിപ്പിച്ചതിനൊപ്പം പ്രവര്‍ത്തക സമിതിയിലും മാറ്റങ്ങള്‍ കൊണ്ടു വന്നു. സോണിയ ഗാന്ധിക്കു തുറന്ന കത്തെഴുതിയ സംഘത്തിനു നേതൃത്വം നല്‍കിയ ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി പദത്തില്‍നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സെപ്റ്റംബര്‍ 14ന് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here