മുംബൈ: കനത്ത സുരക്ഷയില്‍ ബോളിവുഡ് നടി കങ്കണ റണൗട്ട് ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്നും മുംബൈയില്‍ എത്തി. ശിവസേനയുടെ പ്രതിഷേധനത്തിനിടെയാണ് താരം മുംബൈയിലെത്തിയത്. മുംബൈ വിമാനത്താളവത്തിലും നടിയുടെ ബംഗ്ലാവിനു സമീപവും കൂടുതല്‍ പൊലീസിനെ വിന്യാസിച്ചിരിക്കുകയാണ്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണു കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പോര് ഉടലെടുത്തത്. ഇതു ശിവസേന ഏറ്റെടുത്തതോടെ നടിയെ മുംബൈയില്‍ തടയുമെന്നു നിലപാടെടുത്തു. എന്നാല്‍ സേനയെ വെല്ലുവിളിച്ച നടിക്കു കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തി.
മുംബൈയെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകള്‍ പോരിനു മൂര്‍ച്ച കൂട്ടി. കറുത്ത കൊടിയുമായി മുദ്രാവാക്യം വിളിച്ചാണു ശിവസേനക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം തീര്‍ത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവാലെ) ആര്‍പിഐ (എ), കര്‍ണി സേന പ്രവര്‍ത്തകര്‍ കങ്കണയ്ക്കു പിന്തുണയുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടി. ഇതോടെ പ്രദേശത്തു സംഘര്‍ഷാവസ്ഥയായി. ഇതിനിടെ, നടിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം മുംബൈ കോര്പറേഷന് (ബിഎംസി) ഇടിച്ചുനിരത്തി. ബാന്ദ്രയിലെ ബംഗ്ലാവില്‍, ശുചിമുറി ഓഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിര്‍മിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങള്‍ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്നാണ് ആരോപണം.