തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു

0
102

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. പുലർച്ചെ വൈക്കത്തെ സ്വവസതിയിൽ വെച്ച് മരണം. 70 വയസായിരുന്നു. കുറച്ചു നാളായി അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടത്തും. ഭാര്യ ശ്രീലത, മക്കൾ- ശ്രീകാന്ത് ചന്ദ്രൻ, പാർവ്വതി ചന്ദ്രൻ.

1952ൽ കൊല്ലം ശാസ്താംകോട്ടയിലായിരുന്നു ജനനം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകത്തിൽ ബിരുദവും കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും നേടി. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.

മകുടി, പാവം ഉസ്മാൻ ,മായാസീതങ്കം ,നാടകോത്സവം, ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങി നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്തിട്ടുമുണ്ട്. 1989ൽ പാവം ഉസ്മാൻ എന്ന നാടകത്തിലൂടെ കേരള സാഹിത്യ അക്കാദമി അവാർഡും നേടി.

1991ൽ മോഹൻലാൽ നായകനായ അങ്കിൾ ബൺ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി മലയാള സിനിമ മേഖലയിലേക്ക് തുടക്കം കുറിച്ചു. തുടർന്ന് അഗ്നി ദേവൻ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി. അഗ്നി ദേവനിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.ഉള്ളടക്കം, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ,മാനസം, പുനരധിവാസം, പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ എന്നീ സിനിമകൾക്കായാണ് അവസാനമായി തിരക്കഥ ഒരുക്കിയത്. ഇവൻ മേഘരൂപൻ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.

50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here