കാലി പോക്കറ്റുമായി രോഹന്‍ കറങ്ങിയത് 15 സംസ്ഥാനങ്ങള്‍!!!

നാഗ്പൂര്‍ സ്വദേശി രോഹന്റെ വിദ്യാലയം വൈവിധ്യ സംസ്‌കാരങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ തെരുവുകളും നഗരങ്ങളുമാണ്. കണ്ടുമുട്ടുന്ന ഏതൊരു മനുഷ്യനും രോഹന് അറിവ് പകരുന്ന അധ്യാപകരാണ്.

കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് കാണാന്‍ ഇറങ്ങിയിരിക്കുകയാണ് രോഹന്‍ അഗര്‍വാള്‍ എന്ന 19കാരന്‍. ബികോം രണ്ടാം വര്‍ഷം പഠനമുപേക്ഷിച്ച് കഴിഞ്ഞ 2020 ആഗസ്റ്റ് 25 ന് രോഹന്‍ നടന്നു തുടങ്ങി. ഇന്ത്യയെ അറിയാന്‍. ഇന്നേക്ക് 400 ദിവസം പിന്നിടുമ്പോള്‍ 15 സംസ്ഥാനങ്ങള്‍ ചുറ്റിക്കറങ്ങി രോഹന്‍ എത്തി നില്‍ക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഇടുക്കി ജില്ലയിലാണ്.

കണ്ടും കേട്ടും സഞ്ചരിച്ചും പഠിക്കുന്ന ഗുരുകുല സമ്പ്രദായത്തില്‍ ആകൃഷ്ടനായാണ് രോഹന്‍ യാത്ര തുടങ്ങിയത്. വാരാണസിയായിരുന്നു ആദ്യത്തെ ലക്ഷ്യം. ബാഗില്‍ കുറച്ച് തുണികളും ഫോണും പവര്‍ ബാങ്കും പിന്നെ 2500 രൂപയും. ഇതായിരുന്നു കൈയിലുള്ള ആകെ തുക. ചില്ലിക്കാശ് മുടക്കാതെ രോഹന്‍ സ്വപ്‌നയാത്ര തുടങ്ങിയിട്ട് 14 മാസമായി. ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കും, എത്തുന്നിടത്തോളം എത്തും, വാഹനം കിട്ടിയില്ലെങ്കില്‍ നടക്കും, സുക്ഷിതത്വം തോന്നുന്നിടത്ത് കിടന്നുറങ്ങും. ഇതാണ് രോഹന്റെ രീതി.

രണ്ടാഴ്ച മുന്‍പാണ് ഇടുക്കിയിലെത്തുന്നത്. അടിമാലി, മാങ്കുളം, വട്ടവട, മറയൂര്‍, രാമക്കല്‍മേട്, കട്ടപ്പന, തൊടുപുഴ തുടങ്ങി മിക്ക സ്ഥലങ്ങളും രോഹന്‍ സന്ദര്‍ശിച്ചു. അപരിചിതരായ പലരും സഹായിച്ചു. ഭക്ഷണവും തല ചായ്ക്കാന്‍ ഇടവും നല്‍കി. വട്ടവടയാണ് ഇതുവരെ കണ്ടതില്‍ മനോഹരമായ സ്ഥലമെന്നും ഇടുക്കിക്കാരാണ് കൂടുതല്‍ സ്‌നേഹമുള്ള മനുഷ്യര്‍ എന്നുമാണ് രോഹന്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഏറ്റവും ആകര്‍ഷിച്ച സംസ്‌കാരം തമിഴ്‌നാടിന്റേതാണ്. ഇന്ത്യ മുഴുവന്‍ കണ്ടതിന് ശേഷം സൈബീരിയന്‍ യാത്രയാണ് അടുത്ത ലക്ഷ്യം.

യാത്രകളില്‍ നിന്നും കിട്ടുന്ന അറിവോളം മറ്റൊന്നില്‍ നിന്നും ലഭിക്കുകയില്ലെന്നാണ് രോഹന്റെ അഭിപ്രായം. രാജ്യം ചുറ്റുന്നതിനായി വീട് വിട്ട് ഇറങ്ങിയതില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇപ്പോഴും വീട്ടുകാര്‍ പരിഭ്രാന്തരാണ്, രോഹന്‍ പറയുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരടങ്ങുന്നതാണ് രോഹന്റെ കൊച്ചു കുടുംബം.