ശ്രീ എം മധ്യസ്ഥനായി പിണറായി വിജയന്‍ – ആര്‍.എസ്.എസ് ചർച്ച- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

0
5658

അവസാന മന്ത്രിസഭാ യോഗത്തിൽ കേരള സർക്കാർ തിരുവനന്തപുരം നഗരത്തിൽ 4 ഏക്കർ ഭൂമി നൽകിയ ശ്രീ എം ഇടനിലക്കാരനായി പിണറായി-ആർ.എസ്.എസ് ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആർ.എസ്​.എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ല​ങ്കേരി എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചുവെന്ന വിവരം മലയാളി മാധ്യമ പ്രവർത്തകകനായ ദിനേഷ്​ നാരായണനാണ് പുറത്തുവിട്ടത്. ഇകണോമിക്​ ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ്​ നാരായണൻ രചിച്ച ‘The RSS And The Making of The Deep Nation എന്ന, പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്​തകത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകം, ശ്രീ എമ്മിന് കേരള സർക്കാർ സൗജന്യ ഭൂമി നൽകിയത് വിവാദമായതോടെയാണ് കേരളത്തിൽ ചർച്ചയാകുന്നത്. 1987 ല്‍ ഇ.കെ നായനാർ സർക്കാർ അധികാരത്തിലെത്താന്‍ ആര്‍.എസ്.എസ് പരോക്ഷമായി സഹായിച്ചതായും പുസ്തകത്തില്‍ പറയുന്നുണ്ട്.

ശ്രീ എം മധ്യസ്ഥനായി പിണറായി വിജയന്‍ - ആര്‍.എസ്.എസ് കൂടിക്കാഴ്ച

ശ്രീ എമ്മിനെയും സി.പി.എമ്മിനെയും ആർ.എസ്.എസിനെയും ബന്ധപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങളും പുസ്​തകത്തിൽ വിശദീകരിക്കുന്നുണ്ട്. 2014ൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകർക്കായി ശ്രീഎം നടത്തിയ യോഗ ക്യാമ്പാണ്​ ബന്ധ​ത്തിന്റെ തുടക്കം. ഈ ക്യാമ്പിൽ പിണറായി വിജയനും പങ്കെടുത്തിരുന്നുവെന്ന്​ ദിനേഷ്​ നാരായണൻ എഴുതുന്നു.

ആർ.എസ്​.എസ്​, സി.പി.എം നേതാക്കളുമായുള്ള ത​ന്‍റെ നല്ല ബന്ധം ഇരുപക്ഷത്തെയും ചർച്ചാ മേശക്ക്​ മുന്നിലെത്തിക്കാൻ ശ്രീഎം ഉപയോഗിക്കുകയായിരുന്നു. സി.പി.എം അധികാരത്തിലെത്തിയ ശേഷം 2016ൽ അദ്ദേഹം അന്ന്​ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറിയായ പി. ജയരാജനെ കാണാനെത്തി. സമാധാനത്തി​ന്റെ സാധ്യതകൾ അദ്ദേഹം ജയരാജനോട്​ തേടി. ചരിത്രപരമായി ആർ.എസ്​.എസി​ന്റെ ചെയ്​തികളെ ജയരാജൻ വിശദീകരിച്ചു. സംസാരത്തിനിടെ ശ്രീഎം ഇട​പെട്ടു. ‘കാഴ്​ചപ്പാടുകൾ വ്യത്യസ്​തമാകാം. ആർ.എസ്​.എസിന്​ വേറെ കാഴ്​ചപ്പാടായിരിക്കും. അതിലിനി കാര്യമില്ല. ചരിത്രമെന്നത്​ ചരിത്രമായി കഴിഞ്ഞു’. പുതിയ തുടക്കത്തെ കുറിച്ചാണ്​ ശ്രീഎം സംസാരിച്ചത്. ജയരാജൻ ത​ന്റെ അംഗഭംഗം വന്ന വലതുകൈ നീട്ടി. ‘ഞാൻ പറയുന്നത്​ വിശ്വസിക്കൂ. മറ്റുള്ളവർ പറയുന്നതുപോലെ ഞാനൊരു മൃഗമല്ല. ആരോടും എനിക്ക്​ വ്യക്​തിപരമായി പകയില്ല. എന്നോട്​ ചെയ്​തതിന്​ പ്രതികാരം ചെയ്യാനും ആ​ഗ്രഹിക്കുന്നില്ല.’ അതായിരുന്നു ശ്രീഎം കേൾക്കാൻ ആഗ്രഹിച്ചത്​. അതിനായി അദ്ദേഹം നേരത്തെ പശ്​ചാത്തലമൊരുക്കിയിരുന്നു.

ശ്രീ എം മധ്യസ്ഥനായി പിണറായി വിജയന്‍ - ആര്‍.എസ്.എസ് കൂടിക്കാഴ്ച

ആഴ്​ചകൾക്ക്​ മുമ്പ്​ സമാധാന സംഭാഷണങ്ങൾക്കുള്ള സാധ്യത ശ്രീഎം മുഖ്യമന്ത്രി പിണറായി വിജയനോടും ആരാഞ്ഞിരുന്നു. ‘അവർ (ആർ.എസ്.എസ്​) കേൾക്കുമോ’ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. ആർ.എസ്​.എസ്​ പ്രാന്ത കാര്യവാഹ് ആയ ഗോപാലൻ കുട്ടി മാസ്റ്റ്റോട് ശ്രീ എം ഇക്കാര്യം ഉന്നയിച്ചപ്പോൾ അദ്ദേഹം ചോദിച്ചതും ഇതുതന്നെ: ‘താങ്കളെ കുറിച്ചും താങ്കളുടെ ആത്​മീയ നിലപാടുകളെ കുറിച്ചും നമുക്ക്​ നന്നായി അറിയാം. പക്ഷേ, കമ്യൂണിസ്​റ്റുകാർ സമ്മതിക്കുമോ’.

പിന്നാലെ ആർ.എസ്​.എസ്​ ജനറൽ​ സെക്രട്ടറി സുരേഷ്​ ജോഷിയെ കൊച്ചി ഓഫീസിൽ വെച്ച്​ ശ്രീ എം കണ്ടു. സംരംഭങ്ങളോട്​ അനുകൂലമായാണ്​ ജോഷി പ്രതികരിച്ചത്​. സർ സംഘ്​ചാലകുമായും ശ്രീഎമ്മിന്​ സംസാരിക്കണ​മായിരുന്നു. ന്യൂഡൽഹിയിൽ വിഗ്യാൻ ഭവനിലെ ഒരു ചടങ്ങിനിടെ ​അദ്ദേഹത്തോടും ഇക്കാര്യം സൂചിപ്പിച്ചു. തനിക്ക്​ ബന്ധപ്പെടാനുള്ള വ്യക്​തികളുടെ പേരുകൾ തരണമെന്നും ശ്രീ എം മോഹൻ ഭാഗവതിനോട്​ അഭ്യർഥിച്ചു. നാലുപേരുകൾ ഭാഗവത്​ നൽകി.

അതിന് ശേഷമാണ് നിർണായകമായ ആ അതീവരഹസ്യ കൂടിക്കാഴ്​ചക്ക്​ അരങ്ങൊരുങ്ങിയത്​. (ഇനിയുള്ള ഭാഗം ശ്രീ എം, പിണറായി വിജയൻ, പി. ഗോപാലൻകുട്ടി, എം. രാധാകൃഷ്​ണൻ, വൽസൻ തില്ല​േങ്കരി എന്നിവരുമായി 2017, 2018 വർഷങ്ങളിൽ ദിനേഷ്​ നാരായൺ നടത്തിയ അഭിമുഖങ്ങളുടെ അടിസ്​ഥാനത്തിലുള്ളതാണെന്ന്​ അദ്ദേഹം വിശദീകരിക്കുന്നു.) തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട്​ ബുക്​ ചെയ്യുന്നു. ആർ.എസ്​.എസ്​ പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ, വിഭാഗ്​ പ്രചാർ പ്രമുഖ്​ വൽസൻ തില്ല​ങ്കേരി, ജന്മഭൂമി എം.ഡി എ.രാധാകൃഷ്​ണൻ, മുൻ പ്രാന്ത്​ പ്രചാരക്​ എസ്​. സേതുമാധവൻ എന്നിവർ നേരത്തെ എത്തി. സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പിന്നാലെ വന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. പൊലീസ്​ എസ്​കോർട്ട്​ ഇല്ലാതെയാണ് മുഖ്യമന്ത്രി വന്നത്. അതീവ രഹസ്യയോഗത്തി​ന്റെ വിവരങ്ങൾ പുറത്താകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിച്ചിരുന്നു.

ചർച്ചകൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഒരു ആർ.എസ്​.എസ്​ നേതാവ്​ സംസാരിച്ചു. സി.പി.എം അക്രമങ്ങളെ കുറിച്ച്​ നിശിതമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. പിണറായി നിശബ്​ദനായി കേട്ടിരുന്നു. ഇടക്കൊന്ന്​ ശ്രീ എമ്മിനെ നോക്കി. ശേഷം ശ്രീ എം ഇടപെട്ടു. പിണറായി വിജയന്​ പറയാനുള്ളത് ശാന്തമായി കേൾക്കണമെന്ന്​ ആവശ്യപ്പെട്ടു. ‘വിഴുപ്പലക്കാനല്ല ഞാനിവിടെ വന്നത്​, അക്രമം അവസാനിക്കുന്നതിലാണ്​ എ​ന്റെ താൽപര്യം’ -പിണറായി വ്യക്​തമാക്കി.

അതോടെ മഞ്ഞുരുകി. സ്​ഥിരമായി കൂടിക്കാഴ്​ചകൾ നടത്താനും ആശയ വിനിമയത്തിനുമുള്ള സംവിധാനങ്ങൾ രൂപപ്പെട്ടു. മൂന്നു ദശകത്തിനിടെ ആദ്യമായി അക്രമങ്ങൾക്ക്​ അറുതി വരുത്താനുള്ള തീരുമാനത്തിൽ ഇരുപാർട്ടികളുടെയും ഉന്നത നേതൃത്വം എത്തി. അക്രമങ്ങളുടെ പ്രഭവ കേന്ദ്രമായ കണ്ണൂരിൽ ഒരു യോഗം നടത്തുന്നതിനെ കുറിച്ച്​ പിണറായി വിജയൻ പറഞ്ഞു. സൗഹാർദ അന്തരീക്ഷത്തിലായിരുന്നു യോഗമെന്നും മുൻകാലയോഗങ്ങൾ പോലെ പരസ്​പര ആരോപണങ്ങളും വാക്​പോരും ഉണ്ടായില്ലെന്നും ഗോപാലൻ കുട്ടി പിന്നീട്​ സൂചിപ്പിച്ചു. ഈ സൗഹാർദ അന്തരീക്ഷം തുടരണമെന്നും ധാരണയായി.

ഒരാഴ്​ചക്ക്​ ശേഷം കണ്ണൂരിൽ ഒരു ആർ.എസ്​.എസ്​​ പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ഉടൻ തന്നെ ഗോപാലൻകുട്ടി മാസ്റ്റർ പിണറായി വിജയനെ നേരിട്ടുവിളിച്ചു. മുഖ്യമന്ത്രി ഉടനടി പ്രതികരിച്ചു. സമാധാന ശ്രമങ്ങളിൽ പിണറായി വിജയന്​ ആത്​മാർഥത ഉണ്ടെന്ന്​ ഗോപാലാൻ കുട്ടി കരുതുന്നതായി ദിനേഷ്​ നാരായണൻ എഴുതുന്നു.

പിന്നാലെ, ഇരുപാർട്ടികളും എല്ലാ തലത്തിലും ആശയവിനിമയ സംവിധാനം സൃഷ്ടിച്ചു. ഓരോ തലത്തിലും ബന്ധപ്പെടേണ്ടവരുടെ പേരുകളും നമ്പരുകളും പരസ്​പരം കൈമാറി. എന്തെങ്കിലും അനിഷ്​ടസംഭവം ഉണ്ടായാൽ അടിയന്തിരമായി നേതാക്കൾ ഇടപെടാനും ധാരണയായി.

സംസ്​ഥാനത്ത്​ സൗഹാർദ നീക്കങ്ങൾ നടക്കു​മ്പോള്‍ തന്നെ ദേശീയതലത്തിൽ ചിത്രം വ്യത്യസ്​തമായിരുന്നു. ​2016 ഡിസംബറിൽ ഭോപാലിൽ പിണറായി വിജയ​ത്തിന്റെ പരിപാടിക്ക്​ നേരെ സംഘ്​പരിവാർ രംഗത്തെത്തി. പിന്നാലെ സംസ്​ഥാനത്ത്​ ശബരിമല വിഷയത്തിൽ പിണറായി വിജയനും ആർ.എസ്​.എസും വിരുദ്ധ ധ്രുവങ്ങളിലായി. എന്നിരുന്നാലും ഇരു കക്ഷികൾക്കുമിടയിലെ മഞ്ഞുരുക്കാൻ ശ്രീഎം നടത്തിയ നീക്കങ്ങൾ അദ്ദേഹത്തെ പിണറായി വിജയ​ന്റെ പ്രിയങ്കരനാക്കിയെന്നത്​ വസ്​തുതയാണ്​. ഇരുകക്ഷികളും സൃഷ്ടിച്ച ആശയവിനിമയ സംവിധാനത്തിന്റെ നിലവിലെ നിലയും വ്യക്​തമല്ല. പക്ഷേ, ഇങ്ങനെയൊരു ​രഹസ്യയോഗം നടന്നിരുന്നു​വെന്ന്​ സി.പി.എമ്മോ ആർ.എസ്​.എസോ പുറത്തുപറഞ്ഞിരുന്നില്ല.

കടപ്പാട്: മീഡിയ വൺ

LEAVE A REPLY

Please enter your comment!
Please enter your name here