മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് ‘ബ്രോ’യുടെ മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകൾ; കുറ്റമേറ്റെടുത്ത് ഭാര്യ

0
490

മാധ്യമപ്രവര്‍ത്തകയോട് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്ത് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റമേറ്റെടുത്ത് ഭാര്യ ലക്ഷ്മി പ്രശാന്ത്. പ്രശാന്തല്ല, താനാണ് പ്രശാന്തിന്റെ മൊബൈല്‍ ഫോണില്‍നിന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കിയതെന്നാണ് ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകൾ ലഭിച്ചത്. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവർത്തകയായ കെ പി പ്രവിതയ്ക്കാണ് മോശം അനുഭവമുണ്ടായത്. എന്തടിസ്ഥാനത്തിലാണ് ഔദ്യോഗിക പ്രതികരണം തേടുമ്പോൾ ഇത്തരം മോശം സ്റ്റിക്കറുകൾ അയക്കുന്നതെന്ന് ചോദിച്ചപ്പോൾ, അതുവരെ അയച്ച സ്റ്റിക്കറുകൾ ഡിലീറ്റ് ചെയ്ത്, ആള് മാറിപ്പോയി, വാർത്ത കിട്ടാനുള്ള വഴിയിതല്ലെന്നും, ചില മാധ്യമപ്രവർത്തകർ ശുചീകരണത്തൊഴിലാളികളേക്കാൾ താഴ്ന്നവരാണെന്നും എൻ പ്രശാന്തിന്റെ മറുപടി. പത്രത്തിലൂടെ ഇത് വാർത്തയാവുകയും, ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവരികയും ചെയ്തപ്പോൾ, മാധ്യമപ്രവർത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന്, എൻ പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തി.

പ്രശാന്തല്ല, താനാണ് പ്രശാന്തിന്റെ മൊബൈല്‍ ഫോണില്‍നിന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കിയതെന്നാണ് ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മനസ്സ് സ്വസ്ഥമായിരിക്കാന്‍ പ്രശാന്തിനെ ഫോണില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്താനാണ് തന്റെ ശ്രമമെന്നും അവര്‍ വിശദീകരിക്കുന്നു.

‘പലതവണ അജ്ഞാത നമ്പറുകളില്‍ നിന്ന് പല പേരുകളില്‍ പലതവണ കോളും മെസേജും ‘ വീഡിയോ കോളും’ ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാന്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക. സ്റ്റിക്കറുകള്‍ മാത്രം കിട്ടിയപ്പോള്‍ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകന്‍/ലേഖിക ട്രാക്ക് മാറ്റുന്നു. ഒരു കഅട ഉദ്യോഗസ്ഥനോട് ‘താങ്കളെ ഉപദ്രവിക്കാനല്ല’ എന്ന ചെറിയ വായിലെ വലിയ വര്‍ത്തമാനത്തിന് ‘ഓ യാ!’ എന്നല്ലാതെ എന്ത് പറയാന്‍! ഞാനിട്ട സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കര്‍ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകന്‍/ലേഖിക വീണ്ടും വീഡിയോ കോള്‍ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോള്‍? ഒരു വീഡിയോ കോള്‍ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവര്‍ക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ ‘അശ്ലീലം’ എന്ന് വിശേഷിപ്പിച്ച ലേഖകന്‍/ലേഖിക വീഡിയോ കോള് നടത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ‘സെക്‌സ് ചാറ്റ്’ എന്ന് വാര്‍ത്ത സൃഷ്ടിക്കലായിരുന്നു പരിപാടി. സത്യത്തില്‍ കോള്‍ എടുത്ത് ഞാന്‍ രണ്ട് പറയുകയായിരുന്നു വേണ്ടത്’, ലക്ഷ്മി പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘വീണ്ടും വിളിച്ച് ശല്യം ചെയ്ത ലേഖകന്‍/ലേഖികയുടെ ശല്യം തുടര്‍ന്നപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങി ശല്യം ‘wrong person and wrong tactics’ എന്ന് മെസേജിട്ട് പ്രശാന്ത് അയാളെ ബ്ലോക്ക് ചെയ്തു. പഞ്ച് ഡയലോഗ് അടിച്ചിട്ടേ ബ്ലോക്കാക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞ് വീണ്ടും അണ്‍ബ്ലോക്ക് ചെയ്ത് ലാസ്റ്റ് പഞ്ചിന് എന്റെ സ്ഥിരം ഡയലോഗ് ഞാനിട്ടു. അവരുടെ ഭീഷണി വെറുതേ കാണണ്ടാ, ഫുള്‍ കൊട്ടേഷനാണെന്ന് പറഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്യാന്‍ തുനിഞ്ഞ എന്നെ തടഞ്ഞ പ്രശാന്തിന് നന്ദി. അല്ലെങ്കില്‍ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കാന്‍ ഉണ്ടാവില്ലായിരുന്നു’, ലക്ഷ്മി വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here