പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയില്‍ യുഡിഎഫ് പിന്തുണയോടെ ലഭിച്ച പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് സിപിഐഎം. പ്രസിഡണ്ട് വിജയമ്മ രാജികത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദമാണ് രാജിക്ക് കാരണമെന്നാണ് വിവരം.
പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ച് നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി പ്രാദേശീക നേതൃത്വത്തിന് കത്തയച്ചെങ്കിലും ഉടന്‍ രാജിയില്ലെന്നായിരുന്നു വിജയമ്മ ഫിലേന്ദ്രന്റെ പ്രതികരണം.
പട്ടികജാതി വനിതക്ക് പ്രസിഡണ്ട് സ്ഥാനം സംവരണം ചെയ്തിട്ടുള്ള ചെന്നിത്തലയില്‍ യുഡിഎഫിനും ബിജെപിക്കും ആറ് സീറ്റ് വീതവും സിപിഐഎമ്മിന് അഞ്ച് സീറ്റുമാണ് ലഭിച്ചത്. യുഡിഎഫില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള വനിത വിജയിക്കാത്തതിനാല്‍ അവര്‍ക്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ ആറ് സീറ്റുള്ള ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണച്ചതോടെയാണ് സിപിഐഎമ്മിലെ വിജയമ്മ പ്രസിഡണ്ടായത്.
പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിലെ കോണ്‍ഗ്രസ്- സിപിഐഎം കൂട്ടുകെട്ട് സംസ്ഥാന തലത്തില്‍ തന്നെ സിപിഐഎമ്മിന് നാണക്കേടായ പശ്ചാത്തലത്തിലായിരുന്നു രാജി നിര്‍ദ്ദേശവുമായി ജില്ലാ കമ്മറ്റി മുന്നോട്ടുവന്നത്. രണ്ട് പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് പിന്തുണയില്‍ ജില്ലയില്‍ സിപിഐഎം അധികാരത്തിലേറിയത്. ഭരണം കിട്ടിയ തിരുവന്‍വണ്ടൂരില്‍ അന്നു തന്നെ സിപിഐഎം ഭരണ സമതി രാജിവെച്ചു. എന്നാല്‍ ചെന്നിത്തലയില്‍ മൗനാനുവാദത്തില്‍ ഭരണം തുടര്‍ന്നു. വിഷയം ചര്‍ച്ചകളില്‍ ഇടംപിടിച്ചതോടെ ജില്ലാ നേതൃത്വത്തിന്റെ രാജി പ്രഖ്യാപനവും ഉണ്ടായി.