വൺ ഇന്ത്യ വൺ പെൻഷൻ; അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി യുപിഎ സർക്കാരിനെതിരെ സമരം നടത്തിയത് പോലുള്ള ഹിഡൻ അജണ്ടയോ? പ്രചാരണത്തിന് പിന്നിൽ ആർഎസ്എസ് എന്ന് റിപ്പോർട്ടുകൾ

0
153

ഒരു രാജ്യം ഒരു പെൻഷൻ എന്ന പേരിൽ ആരംഭിച്ച പ്രചാരണത്തിന് പിന്നിൽ ആർഎസ്എസ് എന്ന് റിപ്പോർട്ടുകൾ, 2011ൽ യുപിഎ സർക്കാരിനെതിരെ ഇന്ത്യ എഗൈൻസ്റ് കറപ്‌ഷൻ മൂവ്മെന്റിന്റെ മറയാക്കി അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി ആർഎസ്എസ് നടത്തിയ അഴിമതി വിരുദ്ധ സമരം പോലെ ഒരു രാജ്യം ഒരു പെൻഷൻ പ്രചാരണത്തിന് പിന്നിലും ആർഎസ്എസുകാരാണെന്ന് മാധ്യമ പ്രവർത്തകർ അടക്കം ആരോപിക്കുന്നുണ്ട്. വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ ഫെയിസ്ബുക്ക് ഗ്രൂപ്പ് ബിജെപിക്ക് വിറ്റതായി ഇടക്കാലത്ത് ആരോപണമുയർന്നിരുന്നു, ഇ ഗ്രൂപ്പിൽ ആറ് ലക്ഷം മെമ്പർമാരുണ്ട്. ഒഐഒപി എന്ന ചുരക്കപ്പേരിൽ അറിയപ്പെടുന്ന സംഘത്തിന്റെ മറവിൽ കേരളത്തിൽ ബിജെപിക്ക് മേൽവിലാസം ഉണ്ടാക്കലാണ് ലക്ഷ്യമെന്നും സംശയമുണ്ട്. 2011ൽ അണ്ണാ ഹസാരെയുടെ സമരത്തിന്റെ ഭാഗമായതിൽ ഖേദിക്കുന്നുവെന്ന് ഇയിടെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. ആ സമരത്തെ തുടർന്നാണ് ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നത്. ഒഐഒപിക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകുകയുണ്ടായി.

രാജ്യത്തുള്ള 60 വയസ് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും മാസം പതിനായിരം രൂപ പെൻഷൻ നൽകുക, സർക്കാർ ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇവർ പ്രവർത്തിക്കുന്നത്.

വിഷയത്തിൽ സുപ്രഭാതം ഡൽഹി കറസ്‌പോണ്ടന്റ് കെഎ സലിം ഫെയിസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം

വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍- കേള്‍ക്കുമ്പോള്‍ കൊള്ളാം. പക്ഷേ, സംഭവം അത്രക്കങ് ദഹിക്കുന്നില്ല. പലരും പറയുന്നു സംഘപരിവാര്‍ തട്ടിപ്പാണെന്ന്. സമാനമായൊരു കഥ വേറെ അറിയാം. മോദിയെ അധികാരത്തിലെത്തിക്കാന്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്്ഷന്‍. ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്്ഷന് തലവച്ചു കൊടുത്ത നിഷ്‌കളങ്കന്‍മാര്‍ കുറെയുണ്ടായിരുന്നു. അന്ന് അതിന്റെ ഭാഗമായത് തെറ്റായിപ്പോയെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. അവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തോന്നും. അഴിമതിക്കെതിരേ സമരം വേണ്ടതില്ലേ? ആര്‍ക്ക് വേണ്ടെന്ന് പറയാനാവും. അക്കാലത്ത് ടു.ജി മുതലുള്ള അഴിമതിക്കേസുകള്‍ വന്ന കാലമാണ്. മോദിക്ക് അധികാരം കിട്ടുന്നത് വരെ അഴിമതിക്കേസുകള്‍ കത്തി നിന്നു. അധികാരത്തിലെത്തിയതോടെ ഭാവനയില്‍ നിന്നുണ്ടാക്കിയ ടുജി കേസ് ശൂന്യതയില്‍ ലയിച്ചു. ടു.ജി ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടാകാം. എന്നാല്‍ ലക്ഷം കോടികളുടെ കണക്കെല്ലാം ഭാവനയില്‍ നിന്നുണ്ടാക്കിയതാണ്. അതുകൊണ്ട് തന്നെ കോടതിയില്‍ നിന്നില്ല. നില്‍ക്കണമെന്ന് ആര്‍ക്ക് താല്‍പര്യം. അഴിമതിയൊന്നുമല്ലല്ലോ പ്രശ്‌നം.
ഹസാരെ സമരമാണ് ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്്ഷന്റെ വലിയ ഇവന്റ്. ആ ഹസാരെയെയും പിന്നീട് കണ്ടിട്ടില്ല. എന്തേ രാജ്യത്ത് പെട്ടെന്ന് അഴിമതി ഇല്ലാതായോ? ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയിലൊന്നാണ് റാഫേല്‍. ഹസാരെ സമരം നടത്തിയ ജന്‍ലോക്പാല്‍ ബില്‍ വന്നോ? വന്നില്ല. പക്ഷേ മോദി വന്നു. അത്രയേ വേണ്ടിയിരുന്നുള്ളൂ. അക്കാലത്ത് ഹസാരെ സമരം നടന്ന. ജന്തര്‍ മന്ദറിലാണ് എന്റെ ഓഫീസ്. പുറത്തിറങ്ങിയാല്‍ സമരപ്പന്തല്‍ കാണാം. ജന്തര്‍ മന്ദറിലൂടെ സാധാരണക്കാരനായി നടന്നിരുന്ന കെജ്‌റിവാളിനെ പലതവണ കണ്ടിട്ടുണ്ട്. അയാള്‍ പിന്നീട് മുഖ്യമന്ത്രിയാകുമെന്ന് വിദൂര സാധ്യതയില്‍പ്പോലും അന്ന് കണ്ടില്ല. ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്്ഷന് സമരത്തിന് പിന്നിലെ സ്ഥിരം സാന്നിദ്ധ്യം ആര്‍.എസ്.എസ് ഐഡിയലോഗ് ഗോവിന്ദാചാര്യയും അന്ന് ആര്‍.എസ്.എസ് വക്താവായിരുന്ന രാംമാധവുമായിരുന്നു. ഹസാരെ സമരത്തിന്റെ ആള്‍ക്കൂട്ടത്തില്‍ ഇവരെപ്പോഴുമുണ്ടാകും. ആര്‍.എസ്.എസ്സായിരുന്നു റൊട്ടേഷന്‍ വ്യവസ്ഥയില്‍ അണികളെ എത്തിച്ചിരുന്നത്. ഇതു കൂടാതെ അഴിമതി വിരുദ്ധരെന്ന പേരില്‍ ഗുണ്ടാസംഘങ്ങളെയും ഇറക്കി. അന്ന് അതിന് നേതൃത്വം നല്‍കിയ രണ്ടുപേരെ നന്നായറിയാം. ഒന്ന് തേജീന്ദര്‍ സിങ് ബാഗ. മറ്റൊന്ന് വിഷ്ണു ഗുപ്ത. മൂന്നാമതൊരാള്‍ ഇന്ദര്‍ വര്‍മ്മ. ഇതില്‍ ഇന്ദര്‍ വര്‍മ്മയാണ് പിന്നീട് പ്രശാന്ത് ഭൂഷണെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചത്. നാലാമനെ അന്ന് എനിക്ക് നേരിട്ടറിയില്ലെങ്കിലും ഇപ്പോള്‍ നാട്ടാരറിയും. കപില്‍ മിശ്ര.
തേജീന്ദര്‍ ബാഗയിപ്പോള്‍ ബി.ജെ.പിയുടെ ഡല്‍ഹി ഘടകം വക്താവാണ്. കപില്‍ മിശ്ര എവിടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. യു.പി.എ കാലത്ത് വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ എന്നൊരു സമരം ജന്തര്‍ മന്ദറില്‍ നടന്നിരുന്നു. മോദി അധികാരത്തിലെത്തിയതോടെ സമരക്കാര്‍ പന്തലും പൊളിച്ചു പോയി. പിന്നെ അവരെ കണ്ടിട്ടില്ല. പെന്‍ഷനൊട്ട് കിട്ടീട്ടുമില്ല. നേരിട്ട് അധികാരത്തിലെത്താന്‍ കഴിയാതിരുന്നാല്‍ ഫാഷിസം പല വഴികളും തേടും. ജര്‍മ്മനിയില്‍ നാസികള്‍ തൊഴിലാളി വര്‍ഗ പാര്‍ട്ടിയായി വരെ രൂപം മാറിയിട്ടുണ്ട്. ചരിത്രത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും പാഠിച്ചില്ലെങ്കില്‍ പിന്നെ എവിടുന്ന് പഠിക്കാനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here