വാട്സ് ആപ്പ് വീണ്ടും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ഇനി മുതൽ വാട്സ് ആപ്പിൽ അയച്ച മെസേജുകൾ നിങ്ങൾക്ക് എഡിറ്റ് ചെയ്യാൻ കഴിയും. വാട്സ് ആപ്പിന്റെ ഈ പുതിയ ഫീച്ചർ ബീറ്റ പതിപ്പിലായിരിക്കും ആദ്യം പരീക്ഷിക്കുക.നിലവിൽ വാട്സ് ആപ്പിന് പ്രത്യേക എഡിറ്റ് ഓപ്ഷനുകളില്ല. ഒരിക്കൽ അയച്ച മെസേജ് ഡിലിറ്റ് ചെയ്യാൻ മാത്രമേ നിലവിൽ പറ്റൂ. പുതിയ ഫീച്ചർ വരുന്നതോടെ നിങ്ങൾ ആർക്കെങ്കിലും അയച്ച മെസേജുകൾ ഡിലിറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാൻ കഴിയും. വാട്സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ പുതിയ കണ്ടെത്തലുകളും നടത്തുന്ന വെബ്സൈറ്റായ വാബറ്റെയ്ൻഫോ ആണ് ഈ പുതിയ ഫീച്ചറിന്റെയും ഉറവിടം.
മെസേജുകൾക്ക് റിയാക്ഷൻ നൽകാൻ കഴിയുന്ന ഫീച്ചർ വാട്സ് ആപ്പ് നേരത്തെ ഉപയോക്താക്കൾക്കായി നൽകിയിരുന്നു. അതോടൊപ്പം ആരും അറിയാതെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റാകാനുമുള്ള ഓപ്ഷനും വാട്സ് ആപ്പ് നൽകി. ഇപ്പോൾ വാട്സ് ആപ്പ് ഉപയോക്താക്കൾക്കായി എഡിറ്റ് ഓപ്ഷൻ കൂടി നൽകുകയാണ്.അഞ്ച് വർഷം മുമ്പ് ഈ ഫീച്ചർ കൊണ്ടുവരാൻ വാട്സ് ആപ്പ് തീരുമാനിച്ചെങ്കിലും ട്വിറ്റർ എഡിറ്റ് ഓപ്ഷൻ കൊണ്ടുവരുമെന്ന് അറിയിച്ചതോടെ വാട്സ് ആപ്പ് പിൻവലിയുകയായിരുന്നു. ഒടുവിൽ അഞ്ച് വർഷത്തെ ഇളവേളക്ക് ശേഷം എഡിറ്റിംഗ് ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ് വാട്സ് ആപ്പ്. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എഡിറ്റ് ഫീച്ചറന്റെ സ്ക്രീൻഷോട്ട് വാട്സ് ആപ്പ് പുറത്തുവിട്ടിരുന്നു.
എഡിറ്റ് ചെയ്ത സന്ദേശങ്ങളുടെ ഹിസ്റ്ററി പിന്നീട് കാണാൻ കഴിയില്ല. എന്നാൽ പുതിയ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് തന്നെ ഫീച്ചറിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ആൻഡ്രോയിഡിലെ വാട്സ് ആപ്പ് ബീറ്റയിൽ ഈ ഫീച്ചർ പരീക്ഷിച്ച് വരുകയാണെന്നും ഐഒഎസിനും ഡെസ്ക്ടോപ്പിലെ വാട്സ് ആപ്പ് ബീറ്റയിലും ഇതേ ഫീച്ചർ കൊണ്ടുവരാനുമുള്ള തയ്യാറെടുപ്പിലുമാണെന്നുമാണ് വാട്സ് ആപ്പ് പുറത്തു വിടുന്ന വിവരങ്ങൾ. എപ്പോഴാണ് പുതിയ അപ്ഡേഷൻ വരുകയെന്നതിൽ വ്യക്തയില്ല. എന്നാലും പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് സന്ദേശങ്ങളിലെ തെറ്റുകൾ എപ്പോൾ വേണമെങ്കിലും തിരുത്തി അയയ്ക്കാൻ കഴിയും.