ബിഹാർ; നിതീഷ് ഇത്തവണ മുഖ്യമന്ത്രി കസേര കാണില്ല, ബിജെപി-എൽജെപി സഖ്യ സർക്കാരിന് സാധ്യത, തേജസ്വി യാദവിന് നല്ലൊരു പ്രതിപക്ഷമാവാം

0
1049

ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്, ഒക്ടോബർ 28, നവംബർ 3,7 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്, നവംബർ പത്തിന് വോട്ടെണ്ണും, ഒരു പതിറ്റാണ്ട് നീണ്ട നിതീഷ് കുമാറിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും ആസന്നമായ തിരഞ്ഞെടുപ്പ്. പ്രത്യേകിച്ചും ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായ ഒരു സന്ദർഭത്തിൽ.

ഏറെ പ്രതീക്ഷയോടെയാണ് നിതീഷ് കുമാർ എന്ന സോഷ്യലിസ്റ്റ് നേതാവ് ബിഹാറിൽ അധികാരത്തിലെത്തുന്നത്, ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ നിതീഷ് കുമാറിന് സാധിക്കും എന്നായിരുന്നു പ്രതീക്ഷ, എന്നാൽ അധികാരം കൈവന്നതോടെ എല്ലാം കൈപ്പിടിയിലൊതുക്കണം എന്ന ആഗ്രഹത്തിൽ സോഷ്യലിസ്റ്റ് നിലപാടുകൾ നിതീഷ് കുമാർ വിറ്റുതിന്നുകയാണ് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മഹാഗഡ്‌ബന്ധന്റെ ഭാഗമായിരുന്നുവെങ്കിലും പിന്നീട് കേന്ദ്രത്തിൽ സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് നിതീഷ് മറുകണ്ടം ചാടുകയുണ്ടായി.

ഇത്തവണ ഫലം വരുമ്പോൾ നിതീഷ് കുമാറിന് മുഖ്യമന്ത്രിക്കസേര കണ്ണെത്താദൂരത്തവും, ജെഡിയുവിനെ പുകച്ച് ചാടിച്ച് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയാണ് സഖ്യത്തിന് പുറത്ത് പോയി മത്സരിക്കുന്ന എൽജെപിയുടെ ലക്ഷ്യം, തങ്ങളുടെ ശത്രു ബിജെപി അല്ലെന്ന് എൽജെപി നേരത്തെ പ്രഖ്യാപിച്ചതാണ്, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽജെപിയോടുള്ള ബിജെപിയുടെ സമീപനം കൂടുതൽ വ്യക്തമാവും, എൽജെപി തനിച്ച് മത്സരിക്കുന്നത് ബിജെപിയുടെ പിന്തുണയോട് കൂടിയാണെന്ന് ജെഡിയു നേതാക്കൾ നിലവിൽ സംശയിക്കുന്നുണ്ട്, അത്തരം ആരോപണം നേരത്തെ ഉയർന്നിരുന്നു. തികഞ്ഞ അവസരവാദ രാഷ്ട്രീയമാണ് ബിഹാറിൽ എൽജെപി പയറ്റുന്നത്.

ഇത്തവണ മത്സരം ബിജെപിയും ആർജെഡിയും തമ്മിലാണ്, ജെഡിയു, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ തികച്ചും അപ്രസക്തമായിരിക്കുകയാണ്, അപ്രതീക്ഷിത നേട്ടം കൈവരിച്ചേക്കാവുന്നത് ഒരുപക്ഷെ പപ്പു യാദവ് ആയിരിക്കും, അദ്ദേഹം ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ്, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, എസ്‌ഡിപിഐ എന്നിവരുമായി സഖ്യം ചേർന്നാണ് പപ്പു യാദവ് മത്സരിക്കുന്നത്. ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയനായ കനയ്യ കുമാർ അടക്കമുള്ളവർ നിഷ്പ്രഭമാണ്, അവർക്കൊന്നും തന്നെ തിരഞ്ഞെടുപ്പിൽ യാതൊരു ഇടപെടലും നടത്താനാവില്ല.

എന്ത് തന്നെ ആയാലും ആർജെഡി തലവൻ തേജസ്വി യാദവ് മുഖ്യമന്ത്രിയാവാനുള്ള സാദ്ധ്യതകൾ ഇത്തവണയും ഇല്ല, ആർജെഡി അടങ്ങുന്ന സഖ്യം തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കുമെങ്കിലും അധികാരത്തിലേറുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം. ജെഡിയുവിന് ജനസമ്മിതി കുറവാണെങ്കിലും അവർക്ക് മാത്രം ലഭിക്കുന്ന ചില വോട്ടുകളുണ്ട്, അവ ഇളകാതെ നിൽക്കാനാണ് സാധ്യത, ബിജെപിയും ജെഡിയുവും സംയുക്തമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതാണ് ആർജെഡിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നത്. ഒരുപക്ഷെ എല്ലാ പ്രവചനങ്ങളേയും ആസ്ഥാനത്താക്കി നേരിയ ഭൂരിപക്ഷത്തിൽ ഒരുപക്ഷെ ആർജെഡി അധികാരത്തിലെത്താനും മതി, എന്നിരുന്നാലും ബിജെപിക്ക് നിർണായക സ്വാധീനമുള്ള ഒരു സർക്കാരിന് തന്നെയാണ് കൂടുതൽ സാധ്യത. ഒരുപക്ഷെ കൂടുതൽ സീറ്റുകളോടെ മെച്ചപ്പെട്ട പ്രതിപക്ഷമാവാനാവും ആർജെഡിയുടെ വിധി.

അമേരിക്കൻ സിനിമകളിലെ കൗബോയിയെ അനുസ്മരിപ്പിക്കും വിധം കൂട്ടത്തിൽ ചേർന്ന് കാര്യം നേടിയ ശേഷം ഫലം ഒറ്റക്ക് അനുഭവിക്കുന്ന രീതിയാണ് ബിജെപി എല്ലാകാലത്തും കാണിച്ചിട്ടുള്ളത്, അത് ബിഹാറിലും ആവർത്തിക്കപ്പെട്ടേക്കാം, ചിരാഗ് പാസ്വാനും ആർജെഡിയും തമ്മിൽ ഒരു പോസ്റ്റ്- പോൾ സഖ്യത്തിനും സാധ്യത കാണുന്നുണ്ട്, എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന് കണ്ടറിയണം. മുങ്ങുന്ന കപ്പൽ ഏതാണെന്ന് നേരത്തെ തിരിച്ചറിഞ്ഞ് അതിൽ നിന്ന് ചാടുന്ന വൈദഗ്ദ്യം ചിരാഗ് പാസ്വാന്റെ എൽജെപി എല്ലാ കാലത്തും കാണിച്ചിട്ടുണ്ട്, അതിന്റെ ഭാഗമായാണ് അവർ ജെഡിയു നയിക്കുന്ന മുന്നണി വിട്ട് സ്വാതന്ത്ര്യമായി മത്സരിക്കുന്നതും.


ഏതായാലും തികച്ചും ജുഗുപ്ത്സാവഹമായ ഒരു തിരഞ്ഞെടുപ്പാണ് ബിഹാറിലേത്, തികച്ചും പ്രവചനാതീതം, ഉറപ്പ് പറയാവുന്ന ഒരു വസ്‌തുത അടുത്ത നിയമസഭയിൽ നിതീഷ് കുമാർ പ്രതിപക്ഷത്തായിരിക്കും എന്ന് മാത്രമാണ്.

പരിഭാഷപ്പെടുത്തിയത്: ഇബ്രാഹിം സാബിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here