ബെംഗളൂരു, ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ 2 പ്രതികളെ എന്‍ഐഎ റിയാദില്‍ നിന്നു പിടികൂടി

0
187

തിരുവനന്തപുരം: തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനും ലഷ്‌കര്‍ ഇ തയിബയുടെ പ്രവര്‍ത്തകനും എന്‍ഐഎയുടെ പിടിയില്‍. ഇരുവരെയും റിയാദില്‍ നിന്നാണ് പിടികൂടിയത്.

ബെംഗളൂരു, ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ രണ്ട് പ്രതികളെയാണ് എന്‍ഐഎ റിയാദില്‍ നിന്നു പിടികൂടി ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക എന്‍ഐഎ സംഘമാണു രണ്ടാഴ്ച മുന്‍പു സൗദിയിലെ റിയാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സ്വദേശി ഷുഹൈബ്, ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചത്. ഗുല്‍നവാസിനെ തിരുവനന്തപുരത്ത് ഐബി ആസ്ഥാനത്തും ഷുഹൈബിനെ കൊച്ചി എന്‍ഐഎ ആസ്ഥാനത്തും ചോദ്യം ചെയ്യുകയാണ്.

ഇന്നലെ വൈകിട്ട് 6.30ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇരുവരെയും എത്തിച്ചത്. ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ്. പിന്നീടാണു ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീനിലേക്കും ഗുല്‍നവാസ് ലഷ്‌കര്‍ ഇ തയിബയിലേക്കും ചേര്‍ന്നത്. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകള്‍ക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മുജാഹിദീനില്‍ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ല്‍ ബെംഗളൂരു സ്‌ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ഈ സ്‌ഫോടനക്കേസില്‍ പിടികിട്ടാന്‍ ബാക്കിയുള്ള ഏക പ്രതിയാണ് ഇയാള്‍. പാക്കിസ്ഥാനില്‍ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. ഇടയ്ക്കു റിയാദില്‍ വന്നുപോകുന്നതായും ഇന്റര്‍പോളില്‍ നിന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചു. തുടര്‍ന്നാണ് അവിടെ പിടികൂടാന്‍ നീക്കം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here