കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് ഘടകകക്ഷിയായ ആര്‍എല്‍പി. പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ക്ക് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എത്രയും പെട്ടെന്ന് മൂന്ന് കാര്‍ഷിക ഭേദഗതി നിയമങ്ങളും പിന്‍വലിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് വ്യക്തമാക്കിയും രാജസ്ഥാനില്‍ നിന്നുള്ള രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എംപി ഹനുമാന് ബെനിവാള്‍ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പാര്‍ലമെന്റംഗത്തിന്റെ പ്രതികരണം.
ആര്‍എല്‍പി എന്‍ഡിഎ ഘടകകക്ഷിയാണ്. പക്ഷെ, അതിന്റെ ശക്തി സ്രോതസ് കര്‍ഷകരും ജവാന്മാരുമാണ്. ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, കര്‍ഷകരുടെ താല്പര്യം മുന്നില്‍ കണ്ട് എന്‍ഡിഎ ഘടകകക്ഷിയായി തുടരണോയെന്ന കാര്യം പുനപരിശോധിക്കേണ്ടിവരുമെന്നും ആര്‍എല്‍പി നേതാവ് കൂട്ടിച്ചേര്‍ത്തു.