ആര്‍എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍: ആലപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

0
104

വയലാറില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഈ ആക്രമണത്തിനു പിന്നിലുള്ളവരെയും കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ അറിയിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ കൊല്ലപ്പെട്ട നന്ദുവിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഇന്ന് വയലാറില്‍ എത്തും. വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പത്താംപറമ്പില്‍ നന്ദുവാണ് എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാഗംകുളങ്ങര കവലയില്‍ വെച്ചുനടന്ന ജാഥയ്ക്കിടെയായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. പരിക്കേറ്റ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്.

രണ്ടു ദിവസമായി പ്രദേശത്ത് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച രാവിലെ എസ്ഡിപിഐ നടത്തിയ പ്രചരണ ജാഥയില്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായിയിരുന്നു. ഇതിനു പിന്നാലെ വൈകീട്ട് ഇരുപക്ഷവും പ്രകടനം നടത്തി. ഇതിനു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. മരിച്ച നന്ദുവിന്റെ തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. പരിക്കേറ്റ കെഎസ് നന്ദുകൃഷ്ണ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വലതുകൈ അറ്റു പോയി. ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ 8.30 ഓടെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here