പള്ളികളിലെ പ്രാര്‍ത്ഥനകള്‍ സാധാരണ നിലയിലേക്ക്, ബാങ്കുവിളിക്കലിനും നമസ്‌കാരത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം 20 മിനിറ്റായി ഇസ്‌ലാമിക മതകാര്യ മന്ത്രാലയം ദീര്‍ഘിപ്പിച്ചു

0
546

ദോഹ: ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി തുറന്ന പള്ളികളില്‍ പ്രാര്‍ഥനകള്‍ സാധാരണ രൂപത്തിലേക്ക് മടങ്ങുന്നു. പള്ളിയിലെ ബാങ്കുവിളിക്കലിനും നമസ്‌കാരത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം 20 മിനിറ്റായി ഇസ്‌ലാമിക മതകാര്യ മന്ത്രാലയം ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ചത്തെ സുബ്ഹ് നമസ്‌കാരം മുതല്‍ ഇത് പ്രാബല്യത്തില്‍വരും. സുബ്ഹ് നമസ്‌കാരത്തിനും അസ്ര്‍ നമസ്‌കാരത്തിനും ഇനിമുതല്‍ 20 മിനിറ്റുമുമ്പേ പള്ളിയില്‍ വിശ്വാസികള്‍ക്ക് എത്താം. ബാങ്കുവിളിക്കും ഇഖാമത്തിനും ഇടയില്‍ 20 മിനിറ്റ് പള്ളിയില്‍ നമസ്‌കാരത്തിന് കാത്തിരിക്കാനാകും. നിലവില്‍ ബാങ്കുവിളിച്ച ഉടന്‍ പള്ളികള്‍ തുറക്കുന്നില്ല.

നമസ്‌കാരത്തിനു തൊട്ടുമുമ്പാണ് പള്ളികള്‍ തുറക്കുന്നത്. ഇന്നു മുതല്‍ ഈ സ്ഥിതി മാറി ബാങ്കുവിളിച്ച് കഴിഞ്ഞ് നമസ്‌കാരത്തിന് 20 മിനിറ്റുമുമ്പ് പള്ളികള്‍ തുറക്കും. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മാര്‍ച്ച് അവസാനത്തോടെയാണ് എല്ലാ പള്ളികളും അടച്ചിട്ടത്. എന്നാല്‍, നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി പള്ളികള്‍ ഘട്ടംഘട്ടമായി തുറക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ചില പള്ളികള്‍ മാത്രമാണ് തുറന്നത്. ആദ്യത്തില്‍ ജുമുഅ നമസ്‌കാരം ഉണ്ടായിരുന്നുമില്ല.

എന്നാല്‍, പിന്നീട് എല്ലാ പള്ളികളും എല്ലാ നമസ്‌കാരത്തിനുമായി തുറക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ അവസാനഘട്ട നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് എല്ലാ പള്ളികളും തുറന്നത്. പള്ളികളിലെ ടോയ്‌ലറ്റുകളും അംഗശുദ്ധി സൗകര്യങ്ങളും അടഞ്ഞുതന്നെ കിടക്കും. നമസ്‌കരിക്കാന്‍ വരുന്നവര്‍ നമസ്‌കാര പായ കരുതണം. ആവശ്യമുള്ളവര്‍ ഖുര്‍ആനും കരുതണമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here