മാധ്യമങ്ങള്‍ക്ക് വിലക്ക്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്നാരംഭിക്കും

0
46

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്നാരംഭിക്കും. രഹസ്യ വിചാരണ ആയതിനാല്‍ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പ് അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഫ്രാങ്കോ മുളക്കല്‍ വിചാരണ കോടതിയില്‍ ഹാജരായിരുന്നു, തുടര്‍ന്ന് കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു.

ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കം മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ആദ്യം നടക്കുക. ഇരയുടെ വിശദാംശങ്ങള്‍ പുറത്ത് പോകാതിരിക്കാനാണ് രഹസ്യ വിചാരണ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here